റായ്പൂർ : ഛത്തീസ്ഗഢിൽ ഫാക്ടറിയിലെ ചിമ്മിനി തകർന്നുവീണ് 8 പേർ മരിച്ചു. 25ലധികം പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംഗേലി ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന പ്ലാൻ്റിലാണ് അപകടമുണ്ടായത്.
സർഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ റാംബോഡ് ഏരിയയിലെ ഇരുമ്പ് പൈപ്പ് നിർമ്മാണ ഫാക്ടറിയിൽ ചിമ്മിനി നിർമ്മാണത്തിനിടെ ആണ് ദുരന്തമുണ്ടായത്. സംഭവം നടക്കുമ്പോൾ പ്ലാൻ്റ് നിർമാണത്തിൻ്റെ അവസാന ഘട്ടത്തിലായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനാൽ ജില്ലയിലെമ്പാടുമുള്ള ആശുപത്രികളിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.
Discussion about this post