എറണാകുളം : ഇരുപതുകാരന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പ്രത്യേക അനുമതി നൽകി കേരള ഹൈക്കോടതി. രോഗിയുമായി രക്തബന്ധം ഇല്ലാത്ത യുവതിയിൽ നിന്നും വൃക്ക സ്വീകരിക്കുന്നതിനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. അവയവമാറ്റത്തിന് അനുമതി നൽകേണ്ട എറണാകുളം ജില്ലാ സമിതി ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
മലപ്പുറം സ്വദേശിയായ ഉവൈസ് മുഹമ്മദിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതി. ഇരുപതുകാരനായ യുവാവിന് അടിയന്തരമായി വൃക്ക മാറ്റിവയ്ക്കേണ്ട സാഹചര്യം ആണുള്ളത്. യുവാവിന്റെ പിതാവിനും വൃക്കരോഗം ഉണ്ടായതിനെത്തുടർന്ന് വൃക്ക മാറ്റി വെച്ചതാണ്. അന്ന് യുവാവിന്റെ മാതാവാണ് പിതാവിന് വൃക്ക നൽകിയത്.
രോഗിയുടെ അടുത്ത ബന്ധുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് വൃക്ക നൽകാനായി മുന്നോട്ടു വന്നിട്ടുള്ളത്. വൃക്കരോഗം മൂലം ഇളയ സഹോദരനെ നഷ്ടപ്പെട്ട ആളാണ് താനെന്നും അതിനാലാണ് 20 വയസ്സുള്ള കുട്ടിക്ക് വൃക്ക നൽകാൻ തയ്യാറായത് എന്നുമാണ് യുവതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ അവയവ കച്ചവട സാധ്യത മുൻനിർത്തി രക്തബന്ധം ഇല്ലാത്ത യുവതിയുടെ വൃക്ക സ്വീകരിക്കുന്നതിന് എറണാകുളം ജില്ലാ സമിതി അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് യുവാവ് കോടതിയെ സമീപിച്ചിരുന്നത്.
Discussion about this post