11 എച്ച്എംപി വൈറസ് കേസുകള്‍ തൃശ്ശൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഒരു പ്രചരണം സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്. തൃശ്ശൂര്‍ വൈബ് എന്ന ഒരു ഇന്‍സ്റ്റഗ്രാം പേജിലാണ് ഇത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ ചേര്‍ത്ത് വീഡിയോ ആയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതില്‍ ‘ബ്രേക്കിങ് ന്യൂസ്’ എന്ന് എഴുതിയിരിക്കുന്നതും കാണാം.
പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്
‘എച്ച്എംപി വൈറസ് തൃശ്ശൂരില്‍ സ്ഥിരീകരിക്കപ്പെട്ടതായി സൂചന. പതിനൊന്നിലധികം കേസുകള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തതായി സൂചന.’
2025 ജനുവരി 7നാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് 7,398 ലൈക്കുകള്‍ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. അതായത് ഈ പ്രചരണം വിശ്വസിച്ചവര്‍ ധാരാളമുണ്ടെന്നതാണ് ഇത് കാണിക്കുന്നത്.
അതെസമയം, തൃശ്ശൂരിലെന്നല്ല കേരളത്തിലെങ്ങും തന്നെ എച്ച്എംപിവി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ബെംഗളൂരു, ചെന്നൈ, അഹ്‌മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് എച്ച്എംപി വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. ആകെ ആറ് എച്ച്എംപി കേസുകള്‍. ലഖ്‌നൗവില്‍ ഒരു എച്ച്എംപി വൈറസ് ബാധ സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Discussion about this post