സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് കൊച്ചുപ്രേമന് രംഗത്തെത്തി. സിനിമാ മേഖലയിലും ജനങ്ങള്‍ക്കിടയിലും സ്വാധീനമുള്ള താരങ്ങളെ നോക്കി പുരസ്കാരം നല്‍കുന്നത് ശരിയല്ലെന്നാണ് കൊച്ചുപ്രേമന് അഭിപ്രായപ്പെട്ടത്.
അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമുണ്ട്. പുരസ്കാരം നിര്‍ണയിക്കുന്ന ദിവസം സംവിധായകന് പത്മകുമാര്‍ ഫോണില്‍ വിളിച്ച് പുരസ്കാരത്തിനുള്ള അവസാന പട്ടികയില്‍ ഉണ്ടെന്നു അറിയിച്ചിരുന്നു. പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മികച്ച നടനുള്ള പുരസ്കാരത്തിനു തന്നെ പരിഗണിക്കാതിരുന്നത് ജൂറി മുന്‍ധാരണകളോടെ താരങ്ങളെയും ചിത്രങ്ങളെയും വിലയിരുത്തിയതുകൊണ്ടാണ്. താന്‍ നായകനായ ‘രൂപാന്തരം’ എന്ന ചിത്രം ജൂറി കണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കൊച്ചുപ്രേമന് പറഞ്ഞു.
സ്ഥിരമായി കോമഡി വേഷങ്ങള്‍ ചെയ്യുന്നതുകൊണ്ട് അതു കൊച്ചുപ്രേമനല്ലേ, അങ്ങിനെയൊക്കെ മതി എന്നായിരിക്കും ജൂറി അംഗങ്ങള്‍ തീരുമാനിച്ചത്. തന്റെ ചിത്രം കണ്ട എല്ലാവരും തന്റെ പ്രകടനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണു പങ്കുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച നടനുള്ള പുരസ്കാരം ഇത്തവണ നല്‍കിയത് ശരിയായ രീതിയിലല്ല എന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ട്. ആരും അതു പുറത്തുപറയില്ലെന്നേയുള്ളൂ. സ്ഥിരമായി ചെയ്യുന്ന വേഷങ്ങളില്‍ നിന്നുമാറി പുതിയ വേഷങ്ങള്‍ ചെയ്യുമ്പോള്‍ അത് ഏതു ചെറിയ നടനായാലും പരിഗണിക്കാന്‍ തയ്യാറാകണമെന്നും കൊച്ചുപ്രേമന് അഭിപ്രായപ്പെട്ടു. അവാര്‍ഡ് നിര്‍ണ്ണയത്തെ വിമര്‍ശിച്ച് ഇന്ദ്രന്‍സും രംഗത്തെത്തിയിരുന്നു.
Discussion about this post