(നിലപാട്)
ധേയാ ചിപ്പു
മൂന്നാഴ്ചയോളം നീണ്ട ജയില്‍വാസത്തിന് ശേഷം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് കനയ്യകുമാര്‍ ജയില്‍ മോചിതനാകുന്നു. കനയ്യയുടെ മോചനം വലിയ വായില്‍ ആഘോഷിക്കുകയാണ് ഇന്ത്യയിലെ ഇടതുപക്ഷ സംഘടനകളിലെ പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയകളിലും മറ്റും വലിയ പ്രചരങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു..പക്ഷേ കനയ്യകുമാറിന്റെ ഇടക്കാല ജാമ്യം കൊണ്ടാടുന്നവര്‍ ജാമ്യം നല്കി കൊണ്ട് ജസ്റ്റിസ് പ്രതിഭ റാണി നടത്തിയ ഉത്തരവിലെ ഗൗരവകരമായ ചൂണ്ടിക്കാട്ടലുകള്‍ വായിക്കാന്‍ കൂടി തയ്യാറാകണം. അവരോടാണ് കോടതിയുടെ വാക്കുകള്‍. ദേശ സ്നേഹമെന്തെന്ന് കോടതി വാക്യം കേട്ട് പഠിക്കാന്‍ അവര്‍ തയ്യാറാകുമെന്ന് കരുതുന്നില്ലെങ്കിലും ഇത്തരം വിഷയങ്ങളെ ജനാധിപത്യ പാര്‍ട്ടികള്‍ എങ്ങനെ സമീപിക്കണം എന്ന് മനസ്സിലാക്കാനെങ്കിലും ഇത് ഉപകരിക്കും.
കഴിഞ്ഞ മാസം ഒന്‍പതിന് ജെഎന്‍യുവില്‍ നടന്ന പരിപാടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം അവകാശപ്പെടാവുന്നതെല്ലെന്നതുള്പ്പടെ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് കോടതി നല്‍കിയത്.
‘കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ ചിന്തയും ഭരണഘടനയിലുള്ള വിശ്വാസവും ദേശീയവാദ നിലപാടാണോ, അതോ തനിക്കായി സംരക്ഷണ കവചമൊരുക്കുകയായിരുന്നോ എന്ന് ഈ ഘട്ടത്തില്‍ തീരുമാനിക്കാനാവില്ല’ എന്നാണ് ഉത്തരവിലെ പരാമര്‍ശം.അതായത് കനയ്യ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല എന്ന വാദത്തെ കോടതി പൂര്‍ണമായും ശരിവെക്കുന്നില്ല എന്നര്‍ത്ഥം.
‘കനയ്യ മുന്നോട്ട് വെക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്നത് സൈനികര്‍ അതിര്‍ത്തി കാക്കുന്നത് കൊണ്ടാണ്, ഓക്സിജന്‍ പോലും ദുര്‍ലഭമായ യുദ്ധമേഖലകളില്‍ സൈന്യമുള്ളതു കൊണ്ടാണ് ക്യാമ്പസില്‍ മുദ്രാവാക്യം മുഴക്കുവാന്‍ സുരക്ഷിതമായ സാഹചര്യനമുള്ളതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല.
ഇത്തരം മുദ്രാവാക്യങ്ങള്‍ ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞു വീട്ടിലെത്തിയ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ആത്മവീര്യം തകര്‍ക്കും.
രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥിികളുടെ ഇത്തരം മനോഭാവത്തിന്റെ കാരണം കണ്ടെത്താനും, ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും സര്‍വ്വകലാശാലകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. നിയന്ത്രിച്ചില്ലെങ്കില്‍ പകര്‍ച്ച വ്യാധിയാകാവുന്ന അണുബാധയുള്ളവരാണ് പരിപാടി സംഘടിപ്പിച്ചവരും, മുദ്രാവാക്യം വിളിച്ചവരും. അവയവത്തിന് അണുബാധ പടര്‍ന്നാല്‍ മരുന്ന് നല്കി പരിഹരിക്കാം. ഫലമില്ലെങ്കില്‍ പിന്നീട് ശസ്ത്രക്രിയ വേണ്ടി വരും. അണുബാധ കടുത്താല്‍ മുറിച്ച് കളയുകയാകും നല്ലത്. ‘-എന്നിങ്ങനെയാണ് കോടതി ഉത്തപവിലെ ജെഎന്‍യു പ്രതിഷേധക്കാരോട് കോടതി പറഞ്ഞത്.
ഇത്തരം പ്രവണതകള്‍ അണുബാധയാണെന്നും, അധ്യാപകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദിത്തം ഉണ്ടെന്നും പറഞ്ഞ കോടതി നേരിട്ട് പരാമര്‍ശിക്കാതെ വിട്ടത് ഇത്തരം സംഭവങ്ങളെ പിന്തുണച്ചവരെ മാത്രമാണ്. എന്നാല്‍ അവര്‍ക്ക് കൂടിയുള്ള ശക്തമായ താക്കിതാണ് കോടതി വിധി.
രാജ്യവിരുദ്ധ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് എഴുതി നല്‍കണമെന്ന കനയ്യകുമാറിന് ജാമ്യം നല്കി കൊണ്ടുള്ള ഉപാധിയും കോടതിയുടെ മനസ്സിലെന്തെന്ന് വ്യക്തമാക്കുന്നുണ്ട്. ജാമ്യാപേക്ഷ തീര്‍പ്പാക്കാനുള്ള പരാമര്‍ശം എന്ന് കോടതി പറയുന്നുണ്ടെങ്കിലും കനയ്യകുമാറിന്റെ ചിന്തകളും ഊര്‍ജ്ജവും ക്രിയാത്മകമായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജാമ്യം നില്‍ക്കുന്നയാള്‍ക്ക് സാധിക്കണമെന്നും, ജെഎന്‍യുവിലെ അധ്യാപകര്‍ തന്നെ ജാമ്യക്കാരാകുന്നത് അഭികാമ്യമാണെന്നും ജസ്റ്റിസ് പ്രതിഭാ റാണി പരാമര്‍ശിച്ചതും കൃത്യമായ സൂചന നല്‍കുന്നുണ്ട്.
കനയ്യ കുമാറിന് ജാമ്യം നല്കി കോടതി പറഞ്ഞ കാര്യങ്ങളില്‍ ഉറപ്പിച്ചു പറയുന്ന രണ്ട് കാര്യങ്ങള്‍ ജെഎന്യുപ്രതിഷേധത്തെ അഭിപ്രായ സ്വാതന്ത്ര്യമായി ഉദ്ഘോഷിച്ചവര്ക്കുള്ള തിരിച്ചടിയാണ്. ക്യാമ്പസില്‍ രാജ്യവിരുദ്ധമായ ചിലത് നടന്നുവെന്ന് തന്നെയാണ് കോടതി വ്യക്തമാക്കുന്നത്. സൈനികരെ അവഹേളിക്കലാണ് ഇത്തരം പ്രതിഷേധങ്ങളെന്ന വിലയിരുത്തലും കോടതി നടത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഇതൊന്നും വരില്ല എന്ന നിരീക്ഷണവും ജെഎന്‍യു അനുകൂലികള്‍ക്ക് തിരിച്ചടിയായി.
സൈനികര്‍ കാവലുള്ളത് കൊണ്ടല്ലെ നിങ്ങള്‍ക്ക് ഇത്തരത്തിലെല്ലാം എഴുതാനാവുന്നത് എന്ന് ചോദിച്ച സാധുവിനെ എനിക്ക് അക്ഷരമറിയാവുന്നത് കൊണ്ടാണ് എന്ന് അടിച്ചിരുത്തിയ ബുദ്ധിജീവികള്‍ കോടതി വിധിയ്ക്കെതിരെ തൂലിക ചലിപ്പിക്കുന്നതിന് മുമ്പ് ഉത്തരവ് മനസ്സിരുത്തി വായിക്കുമെന്ന് കരുതുന്നു.
[robo-gallery id=”55266″]
Discussion about this post