ശ്രീനഗർ : ജമ്മു കശ്മീരിന്റെ ഇപ്പോഴത്തെ വലിയ പുരോഗതിയുടെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സോനാമാർഗ് ടണലിന്റെ ഉദ്ഘാടന വേളയിലായിരുന്നു ഒമർ അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയെ വാനോളം പ്രശംസിക്കുന്ന വാക്കുകളായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രസംഗത്തിൽ ഉടനീളം ഉണ്ടായിരുന്നത്.
“നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയിലൂടെ ജമ്മുകശ്മീർ ഇതുവരെ ഇല്ലാത്ത വികസനത്തിന്റെ പാതയിലൂടെ കുതിക്കുകയാണ്. ജനങ്ങളുടെ ഹൃദയങ്ങൾ തമ്മിലുള്ള ദൂരവും കശ്മീരിനും ന്യൂഡൽഹിക്കും ഇടയിലുള്ള ദൂരവും ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്. സോനാമാർഗ് ടണൽ കശ്മീരിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കും. സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് പോലും ഏറെ സമാധാനപരമായി യാതൊരു പരാതികളും ഉയരാത്ത രീതിയിൽ നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞു” എന്നും ഒമർ അബ്ദുള്ള തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
2700 കോടി രൂപ ചിലവിട്ടാണ് കേന്ദ്രസർക്കാർ സോനാമാർഗ് ടണൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ടണലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കഴിഞ്ഞ വർഷം സെപ്‌റ്റംബർ-ഒക്‌ടോബർ മാസങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി മോദി ആദ്യമായാണ് ജമ്മു കശ്മീരിലെത്തിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Discussion about this post