ബംഗളൂരൂ ; മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും വിവാഹച്ചടങ്ങ് അലങ്കോലമാക്കി. വിവാഹം വേണ്ടെന്ന് വച്ച് വധുവിന്റെ അമ്മ. വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ചടങ്ങിനിടെ വരൻ മോശമായി പെരുമാറുകയും ആരതി ഉഴിയാൻ കൊണ്ടുവന്ന പാത്രം തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് വധുവിന്റെ അമ്മ വിവാഹം ഒഴിയുന്നതായി അറിയിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
ബംഗളൂരുവിലാണ് സംഭവം. വരന്റെ കുടുംബം അമ്മയെ അനുനയിപ്പിക്കാനും പ്രശ്നം പരിഹരിക്കാനും ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല. ”ഞാൻ നിങ്ങളെയെല്ലാം വളരെയധികം വിശ്വസിച്ചു. പക്ഷേ, നിങ്ങൾ നിങ്ങളെ ബഹുമാനിച്ചില്ല. കൈകൂപ്പി ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. ഇപ്പോൾ കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഭാവിയിൽ എന്റെ മകൾക്ക് എന്തായിരിക്കും സംഭവിക്കുക,” വധുവിന്റെ അമ്മ ചോദിക്കുന്നത് വീഡിയോയിൽ കാണാം.’
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗമാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. വധുവിന്റെ അമ്മയെ പിന്തുണച്ചു കൊണ്ട് നിരവധിപേർ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ”വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്തത്. ഞങ്ങൾ നിങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു, വളരെ നല്ല തീരുമാനമാണിത്. വർഷങ്ങൾ നീണ്ട കഷ്ടപ്പാടിൽ നിന്നും വിവാഹമോചനത്തിൽ നിന്നും അവളെ രക്ഷിച്ചു എന്നിങ്ങനെയാണ് കാഴ്ചക്കാരൻ കുറിക്കുന്നത്.
Discussion about this post