രാജ്യത്തെ കർഷകർക്കായി മോദിസർക്കാർ നൽകുന്ന ധനസഹായമായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 19-ാം ഗഡു വൈകാതെ തന്നെ വിതരണം നടത്തും. പിഎം കിസാൻ യോജനയുടെ 18-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിന് മഹാരാഷ്ട്രയിൽ വെച്ച് പുറത്തിറക്കിയിരുന്നു.
ഈ പദ്ധതി പ്രകാരം അർഹരായ കർഷകർക്ക് ഒരു വർഷം 6000 രൂപ ധനസഹായം ലഭിക്കും. മൂന്ന് ഗഡുക്കളായാണ് ഈ ധനസഹായം ലഭിക്കുക. ഓരോ ഗഡുവിലും കർഷകരുടെ അക്കൗണ്ടിലേക്ക് സർക്കാർ നേരിട്ട് 2000 രൂപ വീതമാണ് കൈമാറുന്നത്.
പിഎം കിസാൻ യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി നടപടിക്രമങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇ-കെവൈസിയും ഭൂരേഖകളുടെ പരിശോധനയും അതായത് ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തേണ്ടതും ആണ് പ്രധാനമായും ചെയ്യേണ്ടത്. വെരിഫിക്കേഷൻ നടത്താത്ത കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇ-കെവൈസിയും ഭൂരേഖകളുടെ പരിശോധനയും എത്രയും വേഗം നടത്തണമെന്ന് സർക്കാർ ഉദ്യോഗസ്ഥർ കർഷകരെ നിരന്തരം ബോധവത്കരിക്കുന്നുണ്ട്. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് കർഷകരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതും ആവശ്യമാണ്.
ഭൂമി കുറവുള്ളവരും സാമ്പത്തികമായി ദുർബലരുമായ ചെറുകിട നാമമാത്ര കർഷകർക്ക് പ്രയോജനം ചെയ്യുക എന്നതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പ്രധാന ലക്ഷ്യം. നാലുമാസം കൂടുമ്പോഴാണ് സർക്കാർ 2000 രൂപ വീതമുള്ള ഓരോ ഗഡുക്കൾ അനുവദിക്കുന്നത്. അവസാന ഗഡു ഒക്ടോബറിൽ നൽകിയതിനാൽ അടുത്ത ഗഡു ഈ വർഷം ഫെബ്രുവരിയിൽ ആയിരിക്കും കർഷകർക്ക് ലഭിക്കുന്നത്.
Discussion about this post