തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) വീണ്ടും പിളര്‍ന്നു. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ്, പി.സി.ജോസഫ് എന്നിവരാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിടുന്നതായി ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാണിയുടെയും മകന്റെയും കുടുംബവാഴ്ചയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് കഴിയില്ലെന്നും അതിനാലാണ് രാജിവെച്ച് പുറത്ത് പോകുന്നതെന്നും ആന്റണി രാജു വ്യക്തമാക്കി. ആന്റണി രാജു കെ.എം മാണിയെ രൂക്ഷമായി വിമര്‍ശിച്ചു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായ കെ.എം മാണി ഏകപക്ഷീയമായി പെരുമാറുന്നെന്ന് അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയിലെ കുടുംബവാഴ്ച ജനാധിപത്യ രീതികള്‍ തകിടം മറിയ്ക്കുകയാണെന്നും ആന്റണി രാജു കുറ്റപ്പെടുത്തി. മകന് ജോസ് കെ മാണിയ്ക്ക് അധികാരം കൈമാറി കുടുംബവാഴ്ച നടത്താനാണ് മാണിയുടെ നീക്കം. ജോസ് കെ മാണിയ്ക്ക് രാഷ്ട്രീയ, ഭരണമികവില്ല.
പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. പരിചയസമ്പന്നല്ലാത്ത മകനായി മാണി തഴക്കവും പഴക്കവുമുള്ളവരെ മാറ്റിനിര്‍ത്തുന്നു. ഫെബ്രുവരി രണ്ടാം തിയതി ഡല്‍ഹിയില്‍ അമിത് ഷായുടെ വീട്ടില്‍ പോയി ജോസ് കെ മാണി ചര്‍ച്ച നടത്തിയെന്നും, ബിജെപി സര്‍ക്കാരില്‍ സഹമന്ത്രി ആക്കാമെന്ന ഉറപ്പ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നും ആന്റണി രാജു വ്യക്തമാക്കി.
Discussion about this post