ആലപ്പുഴ : ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ സ്ഥിതി പരിശോധിക്കുന്നതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് വിദഗ്ധസംഘം എത്തിയിരിക്കുന്നത്.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ. വി.എച്ച്. ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുഞ്ഞിനെ വിശദ പരിശോധന നടത്തുന്നത്. എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ബിന്ദു ജി.എസ്, പീഡിയാട്രിക് ഇന്റന്‍സ്റ്റിവിസ്റ്റ് ഡോ. ബിന്ദുഷ, സ്റ്റേറ്റ് ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവരും ഈ സംഘത്തിൽ ഉണ്ട്.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്.
കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. നിലവിൽ കുട്ടിയെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാരുമായി എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ ചര്‍ച്ച നടത്തി. ഇത് പ്രകാരമുള്ള തുടര്‍ചികിത്സയും നിശ്ചയിച്ചിട്ടുണ്ട്.
ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചത്. ഗർഭ കാലത്ത് സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനയിൽ കുഞ്ഞിന്റെ വൈകല്യങ്ങൾ കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post