റിയാദ്: സൗദി അറേബ്യയിൽ തന്റെ താമസം നീട്ടാൻ ഒരുങ്ങുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് റിപോർട്ടുകൾ. അൽ നാസറുമായി പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം . 2022 ഡിസംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ആണ് റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തുന്നത്. തുടർന്ന് വലിയ ലോകശ്രദ്ധ തന്നെ അദ്ദേഹം സൗദി പ്രോ ലീഗിലേക്ക് ആകർഷിച്ചു.
അതേസമയം തന്റെ മുൻ ക്ലബുകളിൽ കരസ്ഥമാക്കിയ അത്രയും വിജയം റൊണാൾഡോയ്ക്ക് ഇവിടെ ലഭിച്ചില്ല. അതുകൊണ്ട് തന്നെ നിർണായകമായ ഒരു തീരുമാനത്തിലേക്ക് പോകാനൊരുങ്ങുകയാണ് പോർട്ടുഗീസ് സൂപ്പർ സ്റ്റാർ.
സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ട് അനുസരിച്ച്, അൽ നാസറുമായുള്ള റൊണാൾഡോയുടെ പുതിയ കരാർ സാമ്പത്തികമായി ഒരു മികച്ച നീക്കമായിരിക്കും. പുതിയ കരാറനുസരിച്ച് റൊണാൾഡോയ്ക്ക് ക്ലബ്ബിൽ ഒരു ചെറിയ ശതമാനം ഓഹരിയും ഉണ്ടായിരിക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പുതിയ കരാർ നിലവിൽ വരുകയാണെങ്കിൽ റൊണാൾഡോയ്ക്ക് ക്ലബ്ബുമായി സഹ ഉടമ എന്ന നിലയിൽ ദീർഘകാല ബന്ധം സ്ഥാപിക്കാൻ കഴിയും.
തന്റെ പുതിയ കരാറിൽ അൽ നാസർ ക്ലബ്ബിന്റെ ഉടമസ്ഥതയുടെ അഞ്ച് ശതമാനം പോർച്ചുഗീസ് ഇതിഹാസത്തിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ ഇത് റൊണാൾഡോ സ്വീകരിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
Discussion about this post