തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇതേ തുടർന്ന് ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇന്ന് ഉച്ചയോടെയാണ് പുതിയ മഴ മുന്നറിയിപ്പ് പുറത്തിറക്കിയത്. എന്നാൽ, ഇന്ന് മുതൽ ശനിയാഴ്ച വരെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.












