തിരുവനന്തപുരം: നീണ്ട മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷം പാറശാല ഷാരോൺ വധക്കേസിൽ വിധി വന്നിരിക്കുന്നു. കേസിൽ മുഖ്യപ്രതിയും ഷാരോണിന്റെ കാമുകിയുമായ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽകുമാരൻ നായരും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. തെളിവുകൾ നശിപ്പിച്ചതിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അതേസമയം, രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
പഴുതടച്ച അന്വേഷണമായിരുന്നു കേസിൽ നടന്നത്. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്താൻ ശ്രമിച്ചത് തുരിശ് എന്ന് വിളിക്കുന്ന കോപ്പർ സൾഫേറ്റ് ആണ്. എന്നാൽ, ഇക്കാര്യം തെളിയിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നുവെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘവും ഒരുപോലെ പറയുന്നു. ഷാരോണിന്റെ വസ്ത്രത്തിലോ ശരീരത്തിലോ ഹെർബിസൈഡിന്റെ അംശം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, അന്വേഷണസംഘം ശാസ്ത്രീയമായി തന്നെ അന്വേഷണം നടത്തിയതോടെ പ്രതിഭാഗത്തിന്റെ വാദങ്ങൾ പൊളിയുകയായിരുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
കവുങ്ങ്, റബ്ബർ തുടങ്ങി മിക്ക വിളകളിലും കീടനാശിനിയായി കർഷകർ ഉപയോഗിക്കുന്ന കോപ്പർ സൾഫേറ്റ് ആണ് കഷായത്തിൽ ഗ്രീഷ്മ ചേർത്തത്. നീല നിറത്തിലുള്ള ഈ തുരിശ് ശരീരത്തിലെത്തിയാൽ വൃക്ക, കരൾ എന്നിവയെ വളരെ മോശമായി ബാധിക്കും. ചെറിയ തോതിലാണ് അകത്ത് ചെല്ലുന്നതെങ്കിൽ, പതുക്കെ കരളിശന ബാധിക്കുകയും പിന്നീട് കൂടുതൽ ആന്തരീക അവയവങ്ങളിലേക്ക് എത്തുകയുമാണ് ചെയ്യുക. എന്നാൽ, കൂടുതൽ അളവിൽ തുരിശ് ശരീരത്തിൽ ചെന്നാൽ, 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.
ഷാരോണിന്റെ സഹോദരന് തോന്നിയ ചെറിയ സംശയമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മരണത്തിൽ തനിക്ക് പങ്കില്ലെന്ന് ഷാരോണിന്റെ സഹോദരനോടും തുടർന്ന് ചോദ്യം ചെയ്യലിൽ പോലീസിനോടും ഗ്രീഷ്മ ആവർത്തിച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകൾ നിരത്തി പോലീസ് ചോദ്യം ചെയ്യൽ തുടർന്നതോടെ, ഗ്രീഷ്മയ്ക്ക് പിടിച്ചുനിൽക്കാനായില്ല.
ശാസ്ത്രീയ തെളിവുകളും മൊഴിയിലെ വൈരുദ്ധ്യവും കേസിൽ തുമ്പുണ്ടാക്കി. കൊലപാതകത്തെ കുറിച്ച് ഗ്രീഷ്മ ഇന്റർനെറ്റിൽ പരതിയിരുന്നതും പ്രതിക്ക് കുരുക്കായി. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെയാണ് കാമുകനായ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്. കൊലപാതകത്തിന് പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയത്.
യുവതിയുടെ വീട്ടിലെത്തിയ ഷാരോൺ ശാരീരീകാസ്വസ്തതകളോടെയാണ് തിരിച്ചെത്തിയത്. റോഡിൽ വച്ച് ഷാരോൺ നീല നിറത്തിൽ ഛർദ്ദിച്ചതായി സുഹൃത്തും മൊഴി നൽകിയിരുന്നു. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും നിർണായകമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത്. ഒരു മാസത്തെ ചികിത്സക്കൊടുവിൽ ആന്തരീകാവയവങ്ങൾ തകരാറിലായാണ് മരണം. കരളും വൃക്കയും തകരാറിലായാണ് മരണശമന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
Discussion about this post