ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒന്നാണ് കൊളോറെക്റ്റൽ കാൻസർ അഥവാ വൻകുടലിലെ കാൻസർ. ഇത് ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ്. എന്നിരുന്നാലും, ഉചിതമായ ഭക്ഷണക്രമത്തിലൂടെ, ഈ അപകടകാരിയായ കാൻസറിന്റെ വികസനം തടയാൻ കഴിയും. അതിന് ആകെ ചെയ്യേണ്ടത് ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുക എന്ന് മാത്രമാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസമായിരിക്കും.
ഓക്സ്ഫോർഡ് സർവകലാശാലയിലെ കെറൻ പേപ്പിയർ നയിച്ച സമീപകാല പഠനമനുസരിച്ച്, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഒരു ഗ്ലാസ് പാൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ കൊളോറെക്റ്റൽ കാൻസർ വരാനുള്ള സാധ്യത വലിയ രീതിയിൽ കുറയ്ക്കുമെന്ന് കണ്ടെത്തി. 542,778 ബ്രിട്ടീഷ് സ്ത്രീകളുടെ ഭക്ഷണശീലങ്ങളും ആരോഗ്യ ഫലങ്ങളും പിന്തുടർന്ന 16 വർഷത്തെ പഠനത്തിലാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.
16 വർഷത്തെ പഠന കാലയളവിൽ, 12,251 സ്ത്രീകൾക്ക് കൊളോറെക്റ്റൽ കാൻസർ പിടിപെട്ടു, ഇത് ഭക്ഷണശീലങ്ങളും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകർക്ക് കൂടുതൽ ഉൾക്കാഴ്ച നൽകി. മതിയായ കാൽസ്യം കഴിക്കുന്നത് കാൻസറിൽ നിന്നും സംരക്ഷണം നൽകുന്ന ഘടകങ്ങളിൽ ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് കൊളോറെക്റ്റൽ കാൻസർ വരാനുള്ള സാധ്യത കുറവാണ്. കാൽസ്യം ഏത് ഉറവിടത്തിൽ നിന്നാണ് വന്നതെന്ന് പരിഗണിക്കാതെ തന്നെ, അതിന്റെ ആരോഗ്യ ഫലങ്ങൾ സ്ഥിരമാണെന്ന് പഠനത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ദിവസവും പാൽ കുടിക്കുന്നത് വൻകുടൽ കാൻസറിനെതിരായ സംരക്ഷണം ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. പതിവായി പാൽ കുടിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തൈര് കഴിക്കുന്നത് കൊണ്ടും സമാനമായ ഗുണങ്ങൾ തന്നെയാണ് ഉണ്ടാകുന്നത്.
മദ്യം കഴിക്കുന്നതും ചുവന്ന മാംസം കഴിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പഠനം കണ്ടെത്തി. പ്രതിദിനം രണ്ട് ഡ്രിങ്ക് കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത 15% ആണ് വർധിപ്പിക്കുന്നത് . ഭക്ഷണത്തിൽ ചുവന്ന മാംസം ദിവസവും കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത 8% വും വർധിപ്പിക്കുന്നു.
Discussion about this post