ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ ചെന്നുപെട്ടവരിൽ മലയാളികളുൾപ്പെടെ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. ഇതുവരെ 126 ഇന്ത്യക്കാർ റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായിട്ടുണ്ട്. 18 പേർ ഇപ്പോഴും സൈന്യത്തിൽ തുടരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 16 പേർ ഇന്ത്യക്കാർ എവിടെയാണെന്ന് ഇതുവരെയും വ്യക്തതയില്ല. ഇവരെ കാണാതായെന്നാണ് റഷ്യയുടെ വിശദീകരണം.
96 പേരെയാണ് ഇതുവരെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനായത്. ബാക്കിയുള്ളവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്‌സ്വൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായി യുക്രെയിൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട തൃശ്ശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ബിനിലിന്റെ മരണത്തിൽ മന്രഎതാലയം അനുശോചനം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനായി ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നും രൺധീർ ജെയ്‌സ്വൾ വ്യക്തമാക്കി.
ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശി ജെയിൻ കുര്യനും വെടിയേറ്റിരുന്നു. ഇയാൾ മോസ്‌കോവിൽ ചികിത്സയിലുണ്ട്. ചികിത്സയ്ക്ക് ശേഷം ജയിനിനെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
Discussion about this post