ന്യൂഡൽഹി : അഫിലിയേഷൻ മാനദണ്ഡങ്ങൾ ലംഘിച്ച സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). രാജ്യത്തുടനീളമുള്ള 29 സ്കൂളുകൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ബോർഡിൻ്റെ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നുള്ള പരിശോധനയ്ക്കായി ഡിസംബർ 18, 19 തീയതികളിൽ രാജ്യത്തെ വിവിധ സ്കൂളുകളിൽ പരിശോധന നടത്തിയതായി ഔദ്യോഗിക പ്രസ്താവനയിൽ സിബിഎസ്ഇ അറിയിച്ചു.
ബെംഗളൂരു (കർണാടക), പട്‌ന (ബിഹാർ), ബിലാസ്പൂർ (ഛത്തീസ്ഗഡ്), വാരണാസി (ഉത്തർപ്രദേശ്), അഹമ്മദാബാദ് (ഗുജറാത്ത്) എന്നീ നഗരങ്ങളിലെ സ്കൂളുകളിലാണ് സിബിഎസ്ഇ പരിശോധന നടത്തിയിരുന്നത്. പരിശോധനയിൽ ഭൂരിഭാഗം സ്കൂളുകളും അഫിലിയേഷൻ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു.
30 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് സിബിഎസ്ഇ നൽകിയിരിക്കുന്ന കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാഭ്യാസത്തിൻ്റെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നതിലുള്ള പ്രതിബദ്ധതയിൽ സിബിഎസ്ഇ ഉറച്ചുനിൽക്കുന്നതായി ബോർഡ് വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനനടപടി ഉണ്ടാകും എന്നും സിബിഎസ്ഇ അറിയിച്ചു.
Discussion about this post