പാലക്കാട്: പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു പറഞ്ഞു
പദ്ധതി വരുന്നത് നാട്ടുകാരെ ബാധിക്കുന്ന പ്രശ്നമാണ്. കൃഷിക്ക് വെള്ളം കിട്ടാതെ കനാൽ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ഗ്രൗണ്ട് വാട്ടർ ലെവൽ കുറയുകയാണെങ്കിൽ ഇത് പഞ്ചായത്തിനെ തന്നെ കുടിവെള്ള ക്ഷാമത്തിലേക്ക് നയിക്കും. പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കും. ഇങ്ങനെയൊരു പദ്ധതി ഇവിടെ വേണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
അതേസമയം കഞ്ചിക്കോട് കോളേജ് വരുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കഞ്ചിക്കോട് ബ്രൂവറി നടപ്പിലാക്കാൻ പോകുന്നതെന്ന് പ്രദേശ വാസികൾ ആരോപിച്ചു . വെള്ളത്തിന്റെ ദൗർലഭ്യം കാരണം കൃഷി പോലും തടസപ്പെടുന്ന സ്ഥലത്താണ് രണ്ടുലക്ഷം ലിറ്റർ ഉപയോഗിക്കുന്ന ബ്രൂവറീ വരുന്നതെന്നും ഇത് ഒരിക്കലും അംഗീകരിക്കാൻ ആകില്ലെന്നും പ്രദേശ വാസികൾ വ്യക്തമാക്കി . ഇതിനെ തുടർന്ന് പ്രക്ഷോഭത്തിനിറങ്ങാൻ തയ്യാറാവുകയാണ് നാട്ടുകാർ.
ബ്രൂവറി വരുകയാണെങ്കിൽ ദിവസേന സംഭരിക്കുന്ന ജലത്തിൻ്റെ അളവ് നിലവിൽ കുടിവെള്ള പ്രതിസന്ധി നേരിടുന്ന എലപ്പുള്ളി പഞ്ചായത്തിലെ മണ്ണുക്കാട് മേഖലയെ വീണ്ടും കുടിനീര് കിട്ടാത്ത നാടാക്കി മാറ്റും. പഞ്ചായത്തിൻ്റെ യാതൊരു അനുമതിയുമില്ലാത്ത പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സമരമുഖത്തിറങ്ങുമെന്ന് കര്‍ഷകരും നാട്ടുകാരും തുറന്നു പറയുന്നതോടെ പ്ലാച്ചിമടക്ക് ശേഷം മറ്റൊരു സമരമുഖത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് കേരളം.
Discussion about this post