കോഴിക്കോട്: വ്യായാമത്തെക്കുറിച്ച് നിബന്ധനകള്‍ മുന്നോട്ട് വെച്ച് സമസ്ത എ.പി. വിഭാഗം. മതത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന വ്യായാമങ്ങളില്‍ വിശ്വാസികള്‍ സൂക്ഷ്മമായ ജാഗ്രത പുലര്‍ത്തണമെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എ.പി. വിഭാഗം മുശാവറ യോഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
അന്യപുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നുള്ള വ്യായാമ അഭ്യാസം മതവിരുദ്ധമാണെന്നാണ് കുറിപ്പിലെ പരാമര്‍ശം. വിശ്വാസവിരുദ്ധമായ ക്ലാസുകളും ഗാനങ്ങളും സംഘടിപ്പിക്കാനാകില്ലെന്നും സുന്നി വിശ്വാസികള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുശാവറ യോഗത്തിന്റെ കുറിപ്പില്‍ പറയുന്നുണ്ട്.
നേരത്തെ ‘മെക് 7’ വ്യായാമക്കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളുയര്‍ന്നപ്പോഴും എ.പി. വിഭാഗം സമസ്ത ഇതിനെതിരേ ശക്തമായ വിമര്‍ശനമുന്നിയിച്ചിരുന്നു. എന്നാല്‍, ഇപ്രാവശ്യം ആരെയും പേരെടുത്ത് പറയാതെ തന്നെ വിശ്വാസികളോടുള്ള നിര്‍ദേശമെന്ന തരത്തിലാണ് വാര്‍ത്താക്കുറിപ്പില്‍ നിബന്ധനകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
Discussion about this post