തൃശൂര്‍: അതിരപ്പിള്ളി മേഖലയിലെ ചാലക്കുടി പുഴയില്‍ മുതലകള്‍ പെരുകുന്നതില്‍ നാട്ടുകാര്‍ ഭീതിയില്‍. പകല്‍ സമയങ്ങളിലും പുഴയോരങ്ങളില്‍ മുതലകളെ കാണുന്നത് പതിവായി മാറി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെ മുതല്‍ വെറ്റിലപ്പാറ വരെയുള്ള ഭാഗങ്ങളിലാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവ പെരുകിയത്.
കണ്ണന്‍കുഴി, വെറ്റിലപ്പാറ, തുമ്പൂര്‍മുഴി പത്തേയാര്‍ തുടങ്ങിയ സ്ഥലങ്ങളിലും പുഴയില്‍ സ്ഥിരമായി ചീങ്കണ്ണികളെ കാണുന്നു. മുതലകളും സ്ഥിരമാണ്. കൊന്നക്കുഴിയിലെ വിരിപ്പാറയിലും ഈയിടെ ചീങ്കണ്ണികള്‍ പ്രത്യക്ഷപ്പെട്ടു. പ്രളയത്തിന് ശേഷമാണ് ചീങ്കണ്ണികളും മുതലകളും പുഴയില്‍ പെരുകിയതെന്ന് നാട്ടുകാര്‍ പറയുന്നു. ചതുപ്പന്‍ മുതലകള്‍ എന്ന് പ്രാദേശികമായി വിളിക്കുന്ന മുതലാകളെയാണ് അതിരപ്പിള്ളി മേഖലയില്‍ കൂടുതലായി കാണുന്നത്.
പുഴയില്‍ വെള്ളം കുറഞ്ഞതോടെ മുതലകള്‍ കൂട്ടമായി കരയിലെത്തുന്നതും സ്ഥിരകാഴ്ചയാണ്. പുഴയിലെ ഗര്‍ത്തങ്ങളാണ് മുതലകളുടെ താവളം. വിനോദസഞ്ചാരികള്‍ പുഴയിലിറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. പുഴയില്‍പെടുന്നവരെ രക്ഷപ്പെടുത്താനെത്തുന്ന ഫയര്‍ഫോഴ്‌സിനും മുതലകളുടെ സാന്നിധ്യം ഭീഷണിയാണ്
മനുഷ്യരെ ആരെയും മുതലകള്‍ ആക്രമിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടില്ല. അതേസമയം അവക്ക് ഭക്ഷണം കിട്ടാതാവുമ്പോള്‍ മനുഷ്യര്‍ക്കെതിരെ തിരിയുമോയെന്ന ആശങ്കയാണ് നിലവിലുള്ളത്.
Discussion about this post