മുംബൈ : നടൻ സെയ്ഫ് അലി ഖാൻ്റെ ആരോഗ്യ ഇൻഷുറൻസ് വിവരങ്ങൾ പുറത്ത്. വീട്ടിൽ അതിക്രമിച്ചു കയറിയ ആളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാൻ 35.95 ലക്ഷം രൂപയാണ് ചികിത്സ ചിലവിനായി ഇൻഷുറൻസ് ക്ലെയിം ചെയ്തിരുന്നത്. ഇതിൽ 25 ലക്ഷം രൂപയാണ് ഇൻഷുറൻസ് കമ്പനി നടന് അനുവദിച്ചിരിക്കുന്നത്.
നിവാ ബുപ ഹെൽത്ത് ഇൻഷുറൻസിൻ്റെ പോളിസിയാണ് സെയ്ഫ് അലി ഖാൻ്റെ പേരിലുള്ളത്. നടന്റെ പേരിൽ കമ്പനി അനുവദിച്ച ഇൻഷുറൻസ് ക്ലെയിം സമൂഹമാദ്ധ്യമങ്ങളിലൂടെ ചോർന്നതായാണ് പറയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ മെമ്പർ ഐഡി, രോഗനിർണയം, റൂം വിഭാഗം, പ്രതീക്ഷിക്കുന്ന ഡിസ്ചാർജ് തീയതി ആയ ജനുവരി 21 എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് വിശദാംശങ്ങളും ഡോക്യുമെന്റുകളും അടങ്ങുന്ന രേഖകൾ എക്സിലൂടെ ആണ് പ്രചരിച്ചത്. എന്നാൽ നടന്റെ ഇൻഷുറൻസ് വിവരങ്ങൾ എങ്ങനെയാണ് ചോർന്നത് എന്നുള്ളത് വ്യക്തമല്ല.
വ്യാഴാഴ്ചയാണ് ബാന്ദ്ര വെസ്റ്റിലെ വസതിയിൽ നടന്ന ആക്രമണത്തിൽ നടൻ സെയ്ഫ് അലി ഖാന് പരിക്കേറ്റത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി സെയ്‌ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും നട്ടെല്ലിലും അടക്കം ഗുരുതരമായ പരിക്കേറ്റ സെയ്‌ഫ് അലി ഖാൻ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്.
Discussion about this post