ഒട്ടാവ; ഉൽക്കകൾ ആകാശത്ത് ഉഗ്രശബ്ദത്തോടെ പൊട്ടിച്ചിതറുന്ന കാഴ്ച പലരും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, ഭൂമിയിൽ ഉൽക്കാശില പതിച്ചെന്ന വാർത്തയാണ് ചർച്ചയാകുന്നത്. കാനഡയിൽ ഒരാളുടെ വീടിന്റെ മുറ്റത്താണ് ഉൽക്കാശിലകൾ പതിച്ചത്. ദി ഗാർഡിയൻ അടക്കമുള്ള രാജ്യാന്തര മാദ്ധ്യമങ്ങളാണ് ഈ വാർത്ത പുറത്ത് വിട്ടത്.
കാനഡയിലെ ലോറ കെല്ലിയുടെ വീട്ടിലാണ് ഉൽക്കവാപതനം ഉണ്ടായത്. ലോറയും പങ്കാളിയും വൈകീട്ട് നടത്തം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മുറ്റത്ത് അസ്വാഭാവികതയുള്ള പൊടിപടലം ശ്രദ്ധയിൽ പെടുകയായിരുന്നു. സംഭവം എന്താണെന്ന് പരിശോധിക്കാനായി, വീടിന്റെ മുൻഭാഗത്തുള്ള വാതിലിലെ സുരക്ഷാ ക്യാമറ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയത്.
വീട്ടിലേക്കുള്ള പ്രവേശനകവാടത്തിനരികെ എന്തോ വന്ന് വീഴുന്നതും ചിന്നിച്ചിതറുന്നതുമാണ് വീഡിയോയിൽ കാണ്ടത്. തുടർന്ന് പ്രദേശം മുഴുവൻ പൊടിയും പുകപടലങ്ങളും ഉണ്ടാവുകയും ചെയ്തും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്താണ് ഇതെന്ന് മനസിലാക്കാൻ ഇരുവരും ഉടൻ അൽബെർട്ട സർവകലാശാലയിലെ ഉൽക്കാശില റിപ്പോർട്ടിംഗ് കേന്ദ്രത്തെ സമീപിച്ചു. സർവകലാശാലയിലെ ക്യൂറേറ്ററായ ക്രിസ് ഹെർഡ് ഈ അവശിഷ്ടങ്ങൾ പരിശോധിച്ച് ഉൽക്കകളാണ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post