ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികൾ ആക്കിയിരുന്ന ഇസ്രായേലികളെ തിരികെ അയക്കാൻ ഹമാസ് ആരംഭിച്ചു. ആദ്യഘട്ടമായി മൂന്ന് ഇസ്രായേലി യുവതികളെ ആണ് ഹമാസ് തിരികെ അയച്ചിരിക്കുന്നത്. ഇസ്രായേൽ പ്രതിരോധ സേന തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തിരിച്ചയച്ച മൂന്ന് സ്ത്രീകളെ ഇസ്രായേൽ സർക്കാർ ചേർത്തണച്ചുകൊണ്ട് സ്വീകരിക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസ് തിരികെ അയച്ച ഇസ്രയേൽ യുവതികളെയും അവരുടെ കുടുംബങ്ങളെയും സുരക്ഷാസേന അനുഗമിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
റോമി ഗോനെൻ (24), എമിലി ദമാരി (28), ഡോറൺ സ്റ്റെയിൻബ്രെച്ചർ (31) എന്നീ ഇസ്രായേലി യുവതികളാണ് തിരികെ സ്വന്തം രാജ്യത്തെത്തിയിരിക്കുന്നത്. ബന്ദികളെ ഹമാസ് ആദ്യം റെഡ് ക്രോസിലേക്ക് മാറ്റുകയും തുടർന്ന് ഇസ്രായേലി സേനയി ഇവരെ കൂട്ടിക്കൊണ്ടുപോകുകയും ആയിരുന്നു. ബന്ദികളാക്കിയവരെയും കാണാതായവരെയും പൂർണ്ണമായും തിരികെ കൊണ്ടുവരാൻ ഇസ്രായേൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നെതന്യാഹു ഞായറാഴ്ച വ്യക്തമാക്കി.
Discussion about this post