എറണാകുളം: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിനിടെ വിദ്യാർത്ഥിനിയ്ക്ക് നേരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ കേസിൽ മാദ്ധ്യമ പ്രവർത്തകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ഇരുവർക്കുമെതിരെ കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്.
കലോത്സവ റിപ്പോർട്ടിംഗിന്റെ ഭാഗമായി ഷഹബാസും സംഘവും ചേർന്ന് ഒപ്പന ടീമിനെ ഉൾപ്പെടുത്തി ഒരു സ്‌കിറ്റ് തയ്യാറാക്കി ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഇതാണ് കേസിന് ആധാരമായത്. ഈ സ്‌കിറ്റിനിടെ വിദ്യാർത്ഥിനിയ്ക്ക് നേരെ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നാണ് പരാതി. സ്‌കിറ്റിന്റെ സംപ്രേഷണത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ഇത് വൈറൽ ആയിരുന്നു. ഇതോടെ ശിശുക്ഷേമ സമിതി ഡിജിപിയ്ക്ക് പരാതി നൽകുകയായിരുന്നു.
ഈ പരാതിയിലാണ് കന്റോൺമെന്റ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ പോക്‌സോ കേസിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയത് കേസിൽ അറസ്റ്റ് ഭയന്ന് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.












