ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ ജീവി നീല തിമിംഗലം തന്നെയാണ്. എന്നാല്‍ എക്കാലത്തെയും ഭാരമേറിയ ജീവിയോ? നീല തിമിംഗലത്തിന്റെ ഇരട്ടി ഭാരമുള്ള കടലിന്റെ അടിത്തട്ടില്‍ കഴിഞ്ഞിരുന്ന ഒരു ജീവിയെ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ മരുഭൂമിയില്‍ നിന്നാണ് ഈ ജീവിയുടെ ഫോസില്‍ ഗവേഷകര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയത്.
പെറുവിലെ ഈ മരുഭൂമി കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയൊരു സമുദ്രത്തിന്റെ ഭാഗമായിരുന്നു. ഇത്തരത്തില്‍ ഏകദേശം 12 വര്‍ഷം മുന്‍പ് ഗവേഷകര്‍ക്ക് ലഭിച്ച ഫോസില്‍ ഭാഗങ്ങള്‍ മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. 40 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഒരു തിമിംഗലത്തിന്റെതായിരുന്നു അത്.
66 അടി നീളമാണ് ഈ ഫോസിലിന് ഉണ്ടായിരുന്നത്. 13 നട്ടെല്ലിലെ കശേരുക്കളും നാല് വാരിയെല്ലുകളും ഒരു ഇടുപ്പെല്ലുമാണ് ഫോസിലായി ലഭിച്ചത്. ഇവയുടെ അസാധാരണമായ വലുപ്പം ഈ ജീവികള്‍ ഭാരമേറിയതാണെന്ന് ബോദ്ധ്യപ്പെടുത്തി. എന്നാല്‍ നീളത്തില്‍ ഇവയെക്കാള്‍ മുന്നിലാണ് ഇപ്പോഴത്തെ ഏറ്റവും വമ്പന്മാരായ നീലത്തിമിംഗലങ്ങള്‍. ഇവ 100 അടി വരെ നീളം വയ്ക്കാറുണ്ട്,? 200 ടണ്‍ വരെ ഭാരവും. പക്ഷെ കണ്ടെത്തിയ ഫോസിലിലെ ജീവിയ്ക്കാകട്ടെ 94 ടണ്‍ മുതല്‍ 375 ടണ്‍ വരെ ഭാരമുണ്ടായിരുന്നു
കണ്ടെത്തിയ നട്ടെല്ലിന്റെ ഓരോ കശേരുവിനും 220 പൗണ്ട് ഭാരമുള്ളവയായിരുന്നു. അതുകാരണം ഇവയെ പൂര്‍ണമായി മനസിലാക്കി പഠിക്കാന്‍ വളരെ പ്രയാസം നേരിട്ടു. പയനിയറിംഗ് സ്ട്രക്ചറല്‍ ലൈറ്റ് സ്‌കാനിംഗ് ഉപയോഗിച്ച് ഈ ജീവിയുടെ ഒരു ത്രിമാന മാതൃക ഗവേഷകര്‍ നിര്‍മ്മിച്ചു.അതിലൂടെ നടത്തിയ ഗവേഷണത്തിലാണ് ഇതിന്റെ ശരിയായ ഭാരം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
പെറുവിലെ മരുഭൂമി ഭാഗത്ത് നിന്നും കിട്ടിയതിനാല്‍ ഇവയെ പെറുസെറ്റസ് കൊളോസസ് എന്ന് വിളിച്ചു. ഈ പുരാതന ജീവിയുടെ ശരീരഭാരം ഏറ്റവും വലിയ നീലത്തിമിംഗലത്തേക്കാള്‍ ഇരട്ടിയായിരിക്കാം. ലോകത്തിലെ ഏറ്റവും വലിയ ദിനോസറായിരുന്ന അര്‍ജന്റീനോസോറസിന്റെ ഭാരത്തിന്റെ മൂന്നിരട്ടിയോളവും വരും.’ പഠനത്തിന് നേതൃത്വം നല്‍കിയ ഇറ്റലിയിലെ പിസ സര്‍വകലാശാലയിലെ ജിയോവാനി ബിയനൂച്ചി പറഞ്ഞു.
Discussion about this post