മലപ്പുറം: നിറത്തിൻറെ പേരിൽ അവഹേളനം നേരിട്ടതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് അറസ്റ്റിലായത്. വിദേശത്ത് നിന്നും എത്തിയ ഇയാളെ കണ്ണൂർ വിമാനത്താവളത്തിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആയിരുന്നു ആത്മഹത്യ ചെയ്തത്.
ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും നേരിട്ട അവഹേളനത്തെ തുടർന്നാണ് ഷഹാന ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. നിറം കുറഞ്ഞതിന്റെ പേരിൽ അവഹേളനം നേരിടുന്നതായി ഷഹാന സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അബ്ദുൾ വാഹിദിനും കുടുംബത്തിനുമെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിലാണ് അറസ്റ്റ്.
2024 മെയ് 27ന് ആണ് ഷഹാനയും അബ്ദുൾ വാഹിദും വിവാഹിതരായത്. 20 ദിവസത്തെ ദാമ്പത്യത്തിന് ശേഷം അബ്ദുൾ വാഹിദ് വിദേശത്തേയ്ക്ക് പോകുകയായിരുന്നു. വിവാഹത്തിന് ശേഷം നിറം കുറഞ്ഞുപോയതിന്റെ പേരിൽ ഷഹാനയെ ഭർതൃവീട്ടുകാർ പരിഹസിക്കാറുണ്ടായിരുന്നു. ബിരുദ വിദ്യാർത്ഥിനിയായ ഷഹാനയുടെ പഠനത്തെ ഇത് ബാധിച്ചു. ഇതോടെ പെൺകുട്ടിയോട് സുഹൃത്തുക്കൾ കാരണം തിരക്കുകയായിരുന്നു.
ഇതിനിടെ വിദേശത്തായിരുന്ന ഭർത്താവ് ബന്ധം വേർപെടുത്തുകയാണെന്ന ധ്വനിയിൽ സംസാരിച്ചു. ഇതിന് പിന്നാലെ ഷഹാന ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കിടപ്പുമുറിയിൽ ഷഹാന തൂങ്ങിമരിച്ചത്.
Discussion about this post