എറണാകുളം: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിനിടെ വിദ്യാർത്ഥിനിയ്ക്ക് നേരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ കേസിൽ മാദ്ധ്യമ പ്രവർത്തകർക്ക് ഇടക്കാല ജാമ്യം നൽകി ഹൈക്കോടതി. കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. ജസ്റ്റീസ് പി വി കുഞ്ഞിക്കൃഷ്ണൻ ആണ് ഹർജി പരിഗണിച്ചത്.
പെൺകുട്ടിയ്ക്കും മാതാപിതാക്കൾക്കും പരാതിയില്ലാത്ത കേസിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചോദിച്ച കോടതി, പബ്ലിസിറ്റിയ്ക്ക് വേണ്ടിയുളള കേസാണോ ഇതെന്നും ആരാഞ്ഞു. പ്രഥമദൃഷ്ട്യാ തന്നെ ഈ കേസ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. മാദ്ധ്യമ പ്രവർത്തകർക്കെതിരെ എന്തിനാണ് ഇത്തരം കേസുകൾ എടുക്കുന്നതെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.
കലോത്സവ റിപ്പോർട്ടിംഗിന്റെ ഭാഗമായി ഷഹബാസും സംഘവും ചേർന്ന് ഒപ്പന ടീമിനെ ഉൾപ്പെടുത്തി ഒരു സ്‌കിറ്റ് തയ്യാറാക്കി ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഇതാണ് കേസിന് ആധാരമായത്. ഈ സ്‌കിറ്റിനിടെ വിദ്യാർത്ഥിനിയ്ക്ക് നേരെ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നാണ് പരാതി. സ്‌കിറ്റിന്റെ സംപ്രേഷണത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ഇത് വൈറൽ ആയിരുന്നു. ഇതോടെ ശിശുക്ഷേമ സമിതി ഡിജിപിയ്ക്ക് പരാതി നൽകുകയായിരുന്നു.
ഈ പരാതിയിലാണ് കന്റോൺമെന്റ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ പോക്സോ കേസിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയത് കേസിൽ അറസ്റ്റ് ഭയന്ന് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്
Discussion about this post