പാലക്കാട്: കേരളത്തിലെ ചെക്‌പോസ്റ്റുകൾ ഗതാഗതവകുപ്പിന് നാണക്കേട് ആണെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു. അത്രയേറെ അഴിമതി ചെക്‌പോസ്റ്റുകളിൽ നടക്കുന്നുണ്ട്. ഇത് തടയാൻ വെർച്വൽ ചെക്‌പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിൽ ആണെന്നും നാഗരാജു പറഞ്ഞു. പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈക്കൂലിയും അഴിമതിയും കാരണം വാളയാർ ഉൾപ്പെടെയുള്ള കേരളത്തിലെ അതിർത്തി ചെക്‌പോസ്റ്റുകൾ ഗതാഗതവകുപ്പിന് വലിയ നാണക്കേട് ആണ്. ചെക്ക്‌പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന രീതിയുണ്ട്. അമ്പലത്തിൽ വഴിപാട് പണം ഇടുന്ന പോലെയാണ് ഇത്. ചോദിച്ച് വാങ്ങിയാലും ഇങ്ങനെ വച്ചിട്ട് പോയാലും ഇത് കൈക്കൂലി തന്നെയാണ്. കൈക്കൂലിയും അഴിമതിയും തടയാൻ നിരവധി പരിശോധനകൾ നടത്തുന്നുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും കൈക്കൂലി വാങ്ങുന്നത് അവസാനിക്കുന്നില്ല.
ഇങ്ങനെയൊരു നാണക്കേട് ഒഴിവാക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നാണ് വെർച്വൽ ചെക്‌പോസ്റ്റുകൾ സ്ഥാപിക്കാൻ ആലോചിക്കുന്നത്. ഓൺലൈനിൽ നികുതി അടയ്ക്കാതെ വരുന്ന വാഹനങ്ങളെയാണ് ചെക്ക്‌പോസ്റ്റിൽ പിടികൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post