തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ നിലവിൽ വന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകൾ ഒരുമിച്ച് പ്രവർത്തിച്ചു.
വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ എല്ലാ സൈറണുകളും ഒരേ സമയം പ്രവർത്തിക്കുമെന്നും ഇതിൽ ജനം പരിഭ്രാന്തരാകരുത് എന്നും അധികൃതർ അറിയിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. വിവിധ ജില്ലകളിൽ ഇതിനോടകം തന്നെ കവചത്തിന്റെ പ്രവർത്തന പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ഇതിനോടകം തന്നെ സൈറണുകൾ സ്ഥാപിച്ചുകഴിഞ്ഞു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെൻട്രൽ വാട്ടർ കമ്മീഷൻ തുടങ്ങിയ എജൻസികൾ പുറപ്പെടുവിക്കുന്ന അതിതീവ്ര ദുരന്ത മുന്നറിയിപ്പുകൾ പൊതുജനത്തെ അറിയിക്കാനാണ് ഈ സൈറൺ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. കേരള വാർണിംഗ്സ് ക്രൈസിസ് ആൻറ് ഹസാർഡ്സ് മാനേജ്മെൻറ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്.
Discussion about this post