ഭോപ്പാൽ; സ്വവസതിയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ ജീവിതത്തിൽ വീണ്ടും തിരിച്ചടി. കോടതി വിധിയുടെ രൂപത്തിലാണ് ഇത്തവണ തിരിച്ചടി ഉണ്ടായിരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ താരത്തിന്റെ കുടുംബമായ പട്ടൗഡിയ്ക്ക് ഉണ്ടായിരുന്ന 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമാകുമെന്നാണ് വിവരം. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് ശത്രുസ്വത്തായി പ്രഖ്യാപിച്ച മദ്ധപ്രദേശ് തീരുമാനത്തിനെതിരായി താരം നൽകിയ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയിരിക്കുന്നത്.
2024 ഡിസംബർ 13-ന് സെയ്ഫിന്റെ ഹർജി ഹൈക്കോടതി തള്ളി. എന്നാൽ, അപ്പീൽ ട്രൈബ്യൂണലിനെ സമീപിക്കാൻ സെയ്ഫിന് അനുമതി നൽകിയിരുന്നു. എന്നാൽ കുടുംബം നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇതോടെ സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വെക്കുന്ന മദ്ധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് സർക്കാരിന് ഏറ്റെടുക്കാം എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.
ഭോപ്പാലിൽ കൊഹേഫിസ മുതൽ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകൾ. 2014-ലാണ് കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപർട്ടി ഡിപാർട്മെന്റ് സെയ്ഫ് അലിഖാന് നോട്ടീസ് നൽകുന്നത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കൾ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടീസ്. വിഭജനകാലത്ത് ഇന്ത്യയിൽ നിന്ന് പാകിസ്ത്‌നിലേക്ക് പോയി അവിടെ പൗരത്വം നേടിയവരുടെ സ്വത്താണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്. 2015-ൽ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. എന്നാൽ കഴിഞ്ഞ ഡിസംബറിൽ സെയ്ഫിന്റെ ഹർജി ഹൈക്കോടതി തള്ളി.
Discussion about this post