ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിൽ നദീജലം പങ്കിടുന്ന സിന്ധു നദിജല കരാറിൽ ഇന്ത്യയുടെ വാദങ്ങൾക്ക് ജയം. സിന്ധു നദീജല ഉടമ്പടി (IWT) സംബന്ധിച്ച് ലോകബാങ്ക് നിയമിച്ച നിഷ്പക്ഷ വിദഗ്ദ്ധൻ പാകിസ്ഥാനെതിരായ ഇന്ത്യയുടെ നിലപാട് ശരിവച്ചു. കരാറിലെ രണ്ട് കക്ഷികൾക്കിടയിൽ – ഇന്ത്യയും പാകിസ്ഥാനും – ഉണ്ടാകുന്ന ഏതൊരു തർക്കവും പരിഹരിക്കാനുള്ള ഏക അധികാരം നിഷ്പക്ഷ വിദഗ്ദ്ധന് ആണെന്നിരിക്കെ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമർഹിക്കുന്നതാണ്.
2023-ൽ ജമ്മു കശ്മീരിലെ കിഷെൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് ഒരു നിഷ്പക്ഷ വിദഗ്ദ്ധനെയും ആർബിട്രേഷൻ കോടതിയുടെ ചെയർമാനെയും നിയമിച്ച ലോകബാങ്ക് നടപടിയിൽ നിന്നാണ് ഈ വിവാദം ഉടലെടുത്തത്.
1960-ൽ ഒപ്പുവച്ച ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള മാനദണ്ഡങ്ങൾ അടിവരയിടുകയും ചെയ്തു. ഉടമ്പടി പ്രകാരം, എന്തെങ്കിലും തർക്കമുണ്ടായാൽ, ലോകബാങ്കിന് ഒരു നിഷ്പക്ഷ വിദഗ്ദ്ധനെ നിയമിക്കാം. അത്തരത്തിൽ നിയമിച്ച വിദഗ്ധനാണ് ഇപ്പോൾ ഇന്ത്യക്ക് അനുകൂലമായി വിധിച്ചിരിക്കുന്നത്.
“1960 ലെ സിന്ധു നദീജല ഉടമ്പടിയുടെ അനുബന്ധം F ലെ ഖണ്ഡിക 7 പ്രകാരം നിഷ്പക്ഷ വിദഗ്ദ്ധൻ നൽകിയ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം ഇന്ത്യയുടെ നിലപാട് ഉയർത്തിപ്പിടിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നു”. നിഷ്പക്ഷ വിദഗ്ദ്ധന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.
Discussion about this post