77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആവേശത്തിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസയും ഡൽഹിയിലെ വർണ്ണാഭമായ പരേഡും യൂറോപ്യൻ യൂണിയൻ നേതാക്കളുടെ സാന്നിധ്യവും കൊണ്ട് ഇത്തവണത്തെ റിപ്പബ്ലിക് ദിനം ശ്രദ്ധേയമാണ്. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന് ഈ അവസരം പുതിയ ഊർജ്ജവും ആവേശവും പകരട്ടെ എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. ഭാരതത്തിന്റെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായ ഈ ദേശീയോത്സവം ഓരോ പൗരന്റെയും ജീവിതത്തിൽ പുതിയ ഉന്മേഷം നിറയ്ക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച ദേശീയ ഗാനത്തിന്റെ 150 വർഷങ്ങൾ സ്മരിച്ചുകൊണ്ട് “വന്ദേമാതരത്തിന് 150 വർഷങ്ങൾ” എന്നതാണ് ഇത്തവണത്തെ പ്രധാന പ്രമേയം. സ്വാതന്ത്ര്യ സമരത്തെയും സാംസ്കാരിക സ്വത്വത്തെയും ആധുനിക ഇന്ത്യയുടെ അഭിലാഷങ്ങളെയും കൂട്ടിയിണക്കുന്നതാണ് ഈ പ്രമേയം.ഡൽഹിയിലെ കർത്തവ്യ പഥിൽ രാവിലെ 10.30-ന് പരേഡ് ആരംഭിക്കും. പ്രതിരോധ കരുത്ത് വിളിച്ചോതുന്ന സൈനിക പ്രകടനങ്ങൾക്കൊപ്പം രാജ്യത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന ടാബ്ലോ, സാംസ്കാരിക പരിപാടികളും അരങ്ങേറും.യൂറോപ്യൻ യൂണിയൻ (EU) നേതാക്കളാണ് ഇത്തവണത്തെ മുഖ്യാതിഥികൾ. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവർ പരേഡിൽ പങ്കെടുക്കും. ഞായറാഴ്ച ഇന്ത്യയിലെത്തിയ ഇവർക്ക് ഗാർഡ് ഓഫ് ഓണർ നൽകി രാജ്യം സ്വീകരിച്ചിരുന്നു.
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പിന്നാലെ ജനുവരി 27-ന് പ്രധാനമന്ത്രി മോദിയും യൂറോപ്യൻ യൂണിയൻ നേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സമഗ്ര അജണ്ട അംഗീകരിക്കാനും പ്രാദേശികവും ആഗോളവുമായ സഹകരണം വർദ്ധിപ്പിക്കാനും ഈ കൂടിക്കാഴ്ചയിൽ തീരുമാനമാകും.











Discussion about this post