എസ്എൻഡിപി യോഗവുമായി ചേർന്ന് പ്രവർത്തിക്കാനുള്ള നീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറി. ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എസ്എൻഡിപിയുമായുള്ള ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമാണ് ബോർഡിന്റെ വിലയിരുത്തൽ. മുസ്ലിം ലീഗിനെതിരായ വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങളും നിലപാടുകളും എൻഎസ്എസിനെ ഈ തീരുമാനത്തിലേക്ക് നയിച്ചു.
എൻഎസ്എസിന്റെ അടിസ്ഥാന നയമായ ‘സമദൂര നിലപാടിൽ’ ഉറച്ചുനിൽക്കാൻ സംഘടന തീരുമാനിച്ചു. ഒരു പ്രത്യേക പക്ഷം പിടിക്കുന്നത് സംഘടനയുടെ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് നേതൃത്വം വ്യക്തമാക്കി. നേരത്തെ ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി ഐക്യനീക്കം ആരംഭിച്ചിരുന്നുവെങ്കിലും, ഡയറക്ടർ ബോർഡിലെ ഭൂരിഭാഗം പേരും ഇതിനെ എതിർത്തു. ഒടുവിൽ സുകുമാരൻ നായരും ഈ എതിർപ്പ് ശരിവെക്കുകയായിരുന്നു.
രണ്ട് സമുദായങ്ങളും ചേർന്ന് രാഷ്ട്രീയ നീക്കം നടത്തുന്നത് നിലവിലെ സാഹചര്യത്തിൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നും തിരിച്ചടിയാകുമെന്നും സംഘടന വിലയിരുത്തുന്നു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഒപ്പിട്ട വാർത്താക്കുറിപ്പിലൂടെയാണ് ഈ പിന്മാറ്റം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘സാമുദായിക ഐക്യനീക്കം’ താൽക്കാലികമായി അവസാനിച്ചിരിക്കുകയാണ്.












Discussion about this post