മുതിർന്ന കോൺഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ചു. വർഷങ്ങൾക്ക് മുമ്പ് നരേന്ദ്ര മോദിയെ അഭിമുഖം ചെയ്ത അനുഭവം എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് രാജീവ് ശുക്ല പങ്കുവെച്ചത്.
അന്തരിച്ച ബിജെപി നേതാവ് അരുൺ ജെയ്റ്റ്‌ലിയുടെ വീട്ടിൽ വെച്ചാണ് മോദിയെ ആദ്യമായി കണ്ടത്. തന്റെ ‘റുബരു’ എന്ന പ്രോഗ്രാമിനായി അഭിമുഖം ചെയ്യാൻ വന്നപ്പോൾ മോദി കൂടെ ഒരു ചെറിയ കമ്പ്യൂട്ടർ കരുതിയിരുന്നു. അക്കാലത്ത് അത് കൗതുകമുള്ള കാര്യമായിരുന്നു. നരേന്ദ്ര മോദിയുടെ ആദ്യത്തെ ടെലിവിഷൻ അഭിമുഖങ്ങളിൽ ഒന്നായിരുന്നു അത്. അന്നേ അദ്ദേഹം വലിയൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് ശുക്ല ഓർക്കുന്നു.
അദ്ദേഹം ഭാവിയിൽ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുമെന്ന് അന്ന് കരുതിയിരുന്നില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നും സംഘടനാ പ്രവർത്തനത്തിലാണ് ശ്രദ്ധയെന്നും അന്ന് മോദി പറഞ്ഞിരുന്നു. സംഘടന വിപുലീകരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താൽപ്പര്യം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വൈമനസ്യം ഉണ്ടായിരുന്നിട്ടും അന്നത്തെ പ്രത്യേക സാഹചര്യം കാരണം ഗുജറാത്തിലേക്ക് പോകാൻ അദ്ദേഹം നിർബന്ധിതനായി. 2001-ൽ അടൽ ബിഹാരി വാജ്‌പേയിയുടെ വിളി വന്നതോടെയാണ് കേശുഭായ് പട്ടേലിന് പകരക്കാരനായി അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തുന്നത്. അവിടെ നിന്നാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ വഴി തെളിഞ്ഞതെന്നും രാജീവ് ശുക്ല പറഞ്ഞു.













Discussion about this post