ഇന്ത്യയുടെ പാരമ്പര്യത്തിന്റെ നട്ടെല്ലായ കൂട്ടുകുടുംബ സംവിധാനത്തെ ലോകരാജ്യങ്ങൾ അതീവ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച സംപ്രേഷണം ചെയ്ത ‘മൻ കി ബാത്ത്’ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ഇന്ത്യയുടെ കുടുംബ സംവിധാനം നമ്മുടെ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും വലിയ കൗതുകത്തോടെയാണ് ഇതിനെ വീക്ഷിക്കുന്നത്. മാത്രമല്ല, ഇത്തരം കുടുംബ സംവിധാനങ്ങളെ അവർ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്,” പ്രധാനമന്ത്രി പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനം അനുസ്മരിച്ചുകൊണ്ട്, 2026 ‘കുടുംബ വർഷമായി’ ആചരിക്കാനുള്ള യുഎഇയുടെ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ അഞ്ചാം തവണയാണ് യുഎഇ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്. സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം സംബന്ധിച്ച സുപ്രധാന കരാറിൽ ഒപ്പുവെച്ചു. മേഖലാപരമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഇരുവരും ചർച്ചകൾ നടത്തി. അടുത്ത മാസം നടക്കാനിരിക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനെ’ക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കും. നിർമിത ബുദ്ധി, രംഗത്തെ ഇന്ത്യയുടെ മുന്നേറ്റവും നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം.











Discussion about this post