ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജു സാംസണിന്റെ മോശം ഫോമിൽ പ്രതികരണവുമായി ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. സഞ്ജുവിന്റെ ആത്മവിശ്വാസം പൂർണ്ണമായും തകരാതിരിക്കാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഹെഡ് കോച്ച് ഗൗതം ഗംഭീറും ഇടപെടണമെന്നും രഹാനെ നിർദ്ദേശിച്ചു.
പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും 2026-ലെ ടി20 ലോകകപ്പിലും സഞ്ജു ടീമിലുണ്ടാകുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകണം. തന്റെ സ്ഥാനത്തെക്കുറിച്ച് ആശങ്കയില്ലെങ്കിൽ സഞ്ജുവിന് കൂടുതൽ നന്നായി കളിക്കാനാകുമെന്ന് രഹാനെ പറഞ്ഞു. മറുവശത്ത് അഭിഷേക് ശർമ്മ തകർത്തടിക്കുമ്പോൾ, സഞ്ജു തന്നെത്താൻ സമ്മർദ്ദത്തിലാക്കുകയാണ്. അഭിഷേകുമായി താരതമ്യം ചെയ്യാതെ രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതുപോലെ ആത്മവിശ്വാസത്തോടെ സഞ്ജു ബാറ്റ് ചെയ്യണം.
ആദ്യ ഒന്നോ രണ്ടോ ഓവർ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിക്കണം. ഫോമിലേക്ക് തിരിച്ചെത്താൻ കുറച്ചു സമയം ക്രീസിൽ ചെലവിടുന്നത് ഗുണം ചെയ്യുമെന്നും രഹാനെ ഓർമ്മിപ്പിച്ചു. കിവീസിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളിൽ 10, 6, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകൾ. തിലക് വർമ്മയുടെ അഭാവത്തിൽ മൂന്നാം നമ്പറിലിറങ്ങിയ ഇഷാൻ കിഷൻ മികച്ച പ്രകടനമാണ് (8, 76, 28) കാഴ്ചവെക്കുന്നത്. വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി ഇഷാൻ കിഷൻ ഉയർത്തുന്ന വെല്ലുവിളി സഞ്ജുവിന് സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.
ശേഷിച്ച രണ്ട് മത്സരങ്ങളിൽ അവസരം കിട്ടിയാൽ അതിൽ തിളങ്ങി ആത്മവിശ്വാസത്തോടെ ലോകകപ്പിന് ഇറങ്ങാൻ സഞ്ജു ശ്രമിക്കും.













Discussion about this post