പെന്‍ഗ്വിനുകള്‍ ഏകപങ്കാളി വ്രതക്കാരാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. പലപ്പോഴും ഗവേഷകരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. പങ്കാളി മരിച്ചാല്‍ ഇവര്‍ ആത്മഹത്യ ചെയ്യുമെന്നൊക്കെയാണ് കേട്ടുകേള്‍വി. എന്തായാലും പാരമ്പര്യമായുള്ള ഈ ഏക പങ്കാളി സമ്പ്രദായമൊക്കെ പെന്‍ഗ്വിനുകള്‍ വേണ്ടെന്ന് വെച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൂടുതല്‍ അനുയോജ്യരായ ഇണകളെ തേടി ആദ്യ പങ്കാളിയെ ഉപേക്ഷിക്കാന്‍ പെന്‍ഗ്വിനുകള്‍ മടിക്കുന്നില്ലത്രേ. ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പെന്‍ഗ്വിനുകളെ കുറിച്ചുള്ള കൗതുകകരമായ ഈ വസ്തുതയുള്ളത്.
മെച്ചപ്പെട്ട ഇണകളെ തേടി ഇവ ആദ്യ പങ്കാളികളെ ഉപേക്ഷിക്കുകയാണ്. പെന്‍ഗ്വിനുകളുടെ വേര്‍പിരിയല്‍ നിരക്കിലെ ആശ്ചര്യകരമായ വര്‍ധന ഗവേഷകരെയും വന്യജീവി പ്രേമികളെയും വരെ ആശ്ചര്യപ്പെടുത്തുകയാണ്.
10 വര്‍ഷങ്ങളിലും 13 ബ്രീഡിങ് സീസണുകളിലും നടത്തിയ പഠനത്തില്‍ വഴിപിരിയുന്നതായും പുതിയ ഇണയെ തേടുന്നതായും കണ്ടെത്തി. ആയിരത്തോളം ജോഡികളില്‍ നിന്ന് ഏകദേശം 250 പെന്‍ഗ്വിനുകളാണ് ഇണകളെ പിരിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തിയത്. അതേസമയം, പ്രത്യുത്പാദനത്തിലുണ്ടാകുന്ന പരാജയം, പാരിസ്ഥിതിക സമ്മര്‍ദം തുടങ്ങിയവയൊക്കെ പെന്‍ഗ്വിന്‍ ജോഡികളുടെ സ്ഥിരത കുറയ്ക്കും.
ഓസ്ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ ചെറിയ പെന്‍ഗ്വിനുകളെക്കുറിച്ചുള്ള ഈ ഗവേഷണം പക്ഷികളിലെ വേര്‍പിരിയല്‍ ഉള്‍പ്പടെ പാരിസ്ഥിതികവും സാമൂഹികവുമായ ഘടകങ്ങള്‍ പ്രത്യുല്‍പാദനത്തിന്റെ നിരക്കിനെയും വിജയത്തെയും എങ്ങനെ സ്വാധീനിച്ചുവെന്ന് ഓസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റിയിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിരുന്നു.
Discussion about this post