ന്യൂഡൽഹി: രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് എത്തിയിരിക്കുകയാണ് ശതകോടീശ്വരൻ ഡൊണാൾഡ് ട്രംപ്. രണ്ട് വധശ്രമങ്ങളും അനവധി കേസുകളും അടങ്ങുന്ന അഗ്നി പരീക്ഷ കഴിഞ്ഞാണ് ഡൊണാൾഡ് ട്രംപ് രണ്ടാമത് അധികാരത്തിലേറിയിരിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കുക എന്ന തന്റെ ലക്‌ഷ്യം നിറവേറ്റുന്നതിൽ ഒരു വിട്ടുവീഴ്ചയും അതുകൊണ്ട് തന്നെ ഡൊണാൾഡ് ട്രംപ് നടത്തില്ലെന്ന് ഉറപ്പാണ്. ദൈവം തന്ന രണ്ടാം ജന്മം എന്നാണ് ട്രംപ് തന്നെ തന്റെ ജീവിതത്തെ വിശേഷിപ്പിക്കുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ടാം ട്രംപ് ഭരണകൂടം ഒരു വലിയ നേട്ടമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ട്രംപിന്റെ മുൻ ആത്മീയ ഉപദേശകൻ ജോണി മൂർ.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകൂടത്തിന് കീഴിലുള്ള ഇന്ത്യ-യുഎസ് ബന്ധത്തെ ബുധനാഴ്ച ഡൊണാൾഡ് ട്രംപിന്റെ മുൻ ആത്മീയ ഉപദേഷ്ടാവായ ജോണി മൂർ പ്രശംസിക്കുകയുണ്ടായി. ഇത് കൂടാതെ ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേം ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതുവരെ ഉണ്ടായിരുന്നതിനേക്കാൾ മികച്ചതായിരുന്നു,” അദ്ദേഹം പറഞ്ഞു.
“ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ ജനാധിപത്യ രാജ്യമാണ് അമേരിക്ക. ഇന്ത്യയാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യം. . ഭൂമിയിൽ ഉണ്ടാക്കിയ ഒരു സവിശേഷം ബന്ധമാണ് നമ്മുടേത്, ഈ പങ്കാളിത്തത്തിലൂടെ എല്ലാ പ്രശ്‌നങ്ങളെയും, എല്ലാ ആശങ്കകളെയും, എല്ലാ അവസരങ്ങളെയും നമുക്ക് സ്വാധീനിക്കാൻ കഴിയും” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എക്കാലത്തേക്കാളും മികച്ചതായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം, അത് എന്റെ അഭിപ്രായമല്ല. ഡൊണാൾഡ് ട്രംപിന് റെക്കോർഡ് തലങ്ങളിൽ വോട്ട് ചെയ്ത ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ അഭിപ്രായമാണിത്. എല്ലാത്തിനും ഉപരി അത് പ്രസിഡന്റിന്റെ സ്വന്തം അഭിപ്രായമാണ്. അദ്ദേഹത്തിന്റെ മന്ത്രിസഭാ തിരഞ്ഞെടുപ്പുകൾ നോക്കിയാൽ നിങ്ങൾക്കത് മനസിലാകും. അദ്ദേഹത്തിന്റെ ഭരണത്തിൽ മുമ്പെന്നത്തേക്കാളും കൂടുതൽ ഇന്ത്യൻ-അമേരിക്കക്കാർ ഉണ്ട്”.
Discussion about this post