ന്യൂഡൽഹി : ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ താല്പര്യമറിയിച്ച് ഇന്തോനേഷ്യ. റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ ഈ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്തും. ശനിയാഴ്ച മുതൽ ആരംഭിക്കുന്ന ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയുടെ ദ്വിദിന ഇന്ത്യാ സന്ദർശനം ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ ശക്തി പകരുന്നതായിരിക്കും.
ഇന്ത്യ സന്ദർശനത്തിന് എത്തുന്ന ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തും. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ ഒട്ടേറെ കരാറുകൾ ഒപ്പുവെക്കാൻ തയാറായിട്ടുണ്ട്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ആരോഗ്യം, ഊർജം, കണക്റ്റിവിറ്റി, ടൂറിസം, ഉഭയകക്ഷി സഹകരണം എന്നീ വിഷയങ്ങളിൽ ചർച്ച ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2023 നവംബറിൽ ഇന്തോനേഷ്യയുടെ പുതിയ പ്രസിഡൻ്റായി പ്രബോവോ സുബിയാന്തോ തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമാണ് നിലനിൽക്കുന്നത്. 2024ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ജി20 സമ്മേളനത്തിൽ വെച്ച് സുബിയാന്തോ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) മേഖലയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്തോനേഷ്യ. ഇന്ത്യ-ഇന്തോനേഷ്യ വ്യാപാരം 2023 ൽ 29.40 ബില്യൺ യുഎസ് ഡോളറായി ഉയരുകയും ചെയ്തിട്ടുണ്ട്.
Discussion about this post