സുൽത്താൻ ബത്തേരി: ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യക്ക് പിന്നാലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. വയനാട് ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ(ജനറൽ) ആണ് കേരള സഹകരണനിയമം വകുപ്പ് 66(1) പ്രകാരം പരിശോധനയ്ക്ക് ഉത്തരവിട്ടത്.
ബത്തേരി അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ) കെ.കെ. ജമാലിനാണ് അന്വേഷണച്ചുമതല. സഹകരണ ബാങ്ക് തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ പ്രതിരോധത്തിൽ ആയിരിക്കുന്ന സി പി എമ്മിന് ഇപ്പോൾ വീണു കിട്ടിയ പിടിവള്ളിയാണ് എൻ എം വിജയൻറെ ആത്മഹത്യയും അതിനെ തുടർന്നുള്ള നിയമന തട്ടിപ്പ് വിവാദവും.
ബത്തേരി സഹകരണ അർബൻബാങ്ക്, ബത്തേരി സർവീസ് സഹകരണബാങ്ക്, ബത്തേരി സഹകരണ കാർഷിക ഗ്രാമവികസനബാങ്ക്, പൂതാടി സർവീസ് സഹകരണബാങ്ക്, മടക്കിമല സർവീസ് സഹകരണബാങ്ക് എന്നീ സ്ഥാപനങ്ങളിലെ നിയമനത്തട്ടിപ്പ് അന്വേഷിക്കാനാണ് ഉത്തരവ് .
നിയമനത്തട്ടിപ്പ് നടന്നതായ വിവരത്തെത്തുടർന്ന് കണ്ണൂർ ഡെപ്യൂട്ടി രജിസ്ട്രാർ (വിജിലൻസ്), എറണാകുളം ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതായി ബോധ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post