ന്യൂഡൽഹി: മകന്റെ പ്രണയബന്ധത്തിൽ സ്വന്തം മാതാവിനുള്ള താത്പര്യക്കുറവ് കാമുകി ജീവനൊടുക്കാനുള്ള കാരണമെന്ന് പറയാനാകില്ലെന്ന് സുപ്രീംകോടതി. കാമുകനെ വിവാഹം കഴിക്കാതെ ജീവിക്കാൻ കഴിയില്ലെങ്കിൽ ഇനി ജീവിക്കേണ്ട എന്ന രീതിയിലുള്ള പരമാർശം പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചുവെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.2014 ജൂൺ 13ലെ കൊൽക്കത്ത ഹൈക്കോടതിയുടെ വിധിയ്ക്കെതിരെ ലക്ഷ്മിദാസ് നൽകിയ അപ്പീൽ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
2008 ജൂലൈ 3നാണ് പെൺകുട്ടി ജീവനൊടുക്കിയത്. തുടർന്നാണ് ലക്ഷ്മിദാസും മകനുമുൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തത്. കേസ് പരിഗണിച്ച ഹൈക്കോടതി ലക്ഷ്മിദാസിന്റെ ഭർത്താവിനും രണ്ടാമത്തെ മകനുമെതിരെയുള്ള നടപടികൾ റദ്ദാക്കിയിരുന്നു. മരിച്ച പെൺകുട്ടി ലക്ഷ്മിദാസിന്റെ മകൻ ബാബുദാസുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ ലക്ഷ്മി ദാസ് ഈ ബന്ധത്തെ അംഗീകരിച്ചിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കുകയായിരുന്നു.
മകനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി ജീവനൊടുക്കിയതിൽ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന ലക്ഷ്മിദാസിന്റെ ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളിയതോടെയാണ് ഇവർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. മകനായ ബാബുദാസുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് ഹർജിക്കാരിയും കുടുംബവും പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്ന് തെളിവുകളിൽ നിന്ന് വ്യക്തമാണ്. പെൺകുട്ടിയുടെ കുടുംബമാണ് ഈ പ്രണയബന്ധത്തെ ശക്തമായി എതിർത്തിരുന്നതെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post