മസ്‌കറ്റ് : ഒമാനിൽ ഇനി ദേശീയ ദിനം രണ്ട് ദിവസമായിരിക്കും. നവംബർ 20, 21 എന്നീ ദിവസങ്ങളിലായിരിക്കും എല്ലാ വർഷവും ദേശീയ ദിനമായി ആചരിക്കുക എന്ന് സുൽത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ചു, .
മുമ്പ് നവംബർ 18നായിരുന്നു ഒമാനിൽ ദേശീയ ദിനം ആചരിച്ചിരുന്നത്. ഒമാൻ ദേശീയദിനം ഇനി മുതൽ നവംബർ 20 ആയിരിക്കുമെന്ന് സുൽത്താൻ സ്ഥാനാരോഹരണ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി പുറപ്പടുവിപ്പിച്ചിരിക്കുന്നത്.
1744 മുതൽ ഇമാം സയ്യിദ് അഹമ്മദ് ബിൻ സയ്യിദ് അൽ ബുസൈദിയുടെ നേതൃത്വത്തിന് കീഴിൽ ഒമാനെ സേവിക്കാൻ അൽ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണ് ഒമാൻ ദേശീയ ദിനമായി ആഘോഷിക്കുന്നത്. ഒമാൻറെ ഏകീകരണത്തിനും, രാജ്യത്തിൻറെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും അന്തസ്സിനുമായി പോരാടുകയും വലിയ ത്യാഗങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
രാജകീയ ഉത്തരവ് നമ്പർ 88/2022ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് രാജകീയ ഉത്തരവ് നമ്പർ 15/2025 പുറപ്പെടുവിച്ചത്. സുൽത്താനേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് മേഖല, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, നിയമ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് ദേശീയ ദിന അവധി ബാധകമായിരിക്കും.
Discussion about this post