ന്യൂഡൽഹി : ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും . മ്യാൻമാർ സംഘർഷം ഉൾപ്പെടെ വിവിധ പ്രാദേശിക വിഷയങ്ങളിൽ ചർച്ച നടത്തും എന്നാണ് വിവരം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച രാത്രിയാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് ഇന്ത്യയിൽ എത്തിയത്. 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്കുള്ള സന്ദർശനത്തിന്റെ ലക്ഷ്യം.
പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ആരോഗ്യ സംരക്ഷണം, ഊർജം, കണക്റ്റിവിറ്റി, ടൂറിസം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം എന്നിവ ഇരുവരും ചർച്ചയിൽ അവലോകനം ചെയ്യുമെന്നാണ് റിപ്പോർട്ട്.
പ്രസിഡന്റായി സ്ഥാനമേറ്റത്തിനു ശേഷമുള്ള പ്രബോവോ സുബിയാന്തോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 2020ൽ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ഡൽഹി സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ് അദ്ദേഹം. 1950-ലെ ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥിയായിരുന്നു ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റായ സുകാർണോ. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ ഉചിതമായ ആഘോഷമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.
Discussion about this post