ലക്‌നൗ: ഉത്തർപ്രദേശിൽ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് യുവതികൾ പരസ്പരം വിവാഹം കഴിച്ചു. ഗോരഖ്പൂരിലെ ദിയോറിയയിലാണ് സംഭവം. ഗോരഖ്പൂർ സ്വദേശികളായ കവിത, ബബ്ലു എന്ന് വിളിക്കുന്ന ഗുഞ്ച എന്നിവരാണ് പരസ്പരം വിവാഹം കഴിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ചെറിയ കാശി എന്ന് അറിയപ്പെടുന്ന ഗോരഖ്പൂരിലെ ശിവക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന് ശേഷം ഇരുവരും വാടക വീട്ടിലേക്ക് പോയി. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവാഹിതരായ ഇരുവരും ആറ് വർഷമായി സൗഹൃദത്തിലാണ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും സൗഹൃദത്തിലായത്. പരിചയത്തിലായ ഇരുവരും വീട്ടിലെ സാഹചര്യങ്ങൾ പങ്കുവയ്ക്കാൻ ആരംഭിച്ചു. രണ്ട് വീടുകളിലെയും സാഹചര്യം ഒന്നാണെന്ന് മനസിലാക്കിയ ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിവാഹിതരായ ഇരുവരും വലിയ പീഡനങ്ങളാണ് ഭർത്താവിൽ നിന്നും ഏറ്റുവാങ്ങിയിരുന്നത്. മദ്യപാനികളായ ഭർത്താക്കാന്മാർ ഇവരെ മർദ്ദിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇത് മടുത്തതോടെ ഇരുവരും ഭർത്താക്കന്മാരെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഒറ്റപ്പെട്ട ഇരുവരും ഒന്നിച്ച് ജീവിക്കാനും തീരുമാനിച്ചു. ഇതോടെ കല്യാണം കഴിക്കുകയായിരുന്നു.
ഗുഞ്ചയാണ് കവിതയുടെ കഴുത്തിൽ താലി കെട്ടിയത്. ഇതിന് ശേഷം നെറ്റിയിൽ സിന്ദൂരവും തൊട്ടു. ക്ഷേത്രത്തിലെ പൂജാരിയാണ് ഇവർക്ക് വിവാഹത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയത്.
Discussion about this post