ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച . മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച രാത്രിയാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് ഇന്ത്യയിൽ എത്തിയത്.
ഫിൻടെക്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ്, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധം , നിർമാണമേഖല തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. വിവിധ ധാരണപത്രങ്ങളിലും ഇരു നേതാക്കൾ ഒപ്പുവച്ചു.
നേരത്തെ രാഷ്ട്രപതി ഭവനിൽ പ്രബോവോ സുബിയാന്തോയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകിയിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റായി സ്ഥാനമേറ്റത്തിനു ശേഷമുള്ള പ്രബോവോ സുബിയാന്തോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 2020ൽ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ഡൽഹി സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ് അദ്ദേഹം. 1950-ലെ ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥിയായിരുന്നു ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റായ സുകാർണോ.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ ഉചിതമായ ആഘോഷമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.
ഇന്തോനേഷ്യയിൽ നിന്നുള്ള 352 അംഗ മാർച്ചും ബാൻഡ് സംഘവും റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യ പാതയിൽ പങ്കെടുക്കും.ഇതാദ്യമായാണ് ഒരു ഇന്തോനേഷ്യൻ മാർച്ചിംഗും ബാൻഡ് സംഘവും ദേശീയ ദിന പരേഡിൽ പങ്കെടുക്കുന്നത്.
Discussion about this post