ഓസ്‌ട്രേലിയൻ ഓപ്പണിൽ കന്നി കിരീടം ചൂടി മാഡിസൺ കീസ്. ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ പരാജയപ്പെടുത്തിയാണ് മാഡിസൺ കീസ് കിരീടം നേടിയത്. ആവേശകരമായ മത്സരത്തിൽ കീസ് 6-3, 2-6, 7-5 എന്ന സ്‌കോറിനാണ് സബലെങ്കയെ പരാജയപ്പെടുത്തിയത്.
46-ാം ഗ്രാൻഡ് സ്ലാം മത്സരത്തിൽ ആണ് മാഡിസൺ കീസ് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. 2015-ൽ മെൽബൺ പാർക്കിൽ 19-ാം വയസ്സിൽ ആണ് കീസ് തന്റെ ആദ്യ സെമി ഫൈനൽ കളിച്ചിരുന്നത്. പത്തുവർഷങ്ങൾക്ക് ശേഷം 29-ാം വയസ്സിൽ അവർ ആദ്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.
നിലവിൽ 14-ാം റാങ്കിലുള്ള കീസ് ഈ കിരീട നേട്ടത്തോടെ 2019-ന് ശേഷം ആദ്യമായി ആദ്യ 10-ലേക്ക് അടുത്ത ആഴ്ച തിരിച്ചെത്തും. മാഡിസൺ കീസിന്റെ കരിയറിലെ 10-ാം കിരീടവും ആദ്യ ഗ്രാൻഡ്സ്ലാം കിരീടവും ആണ് മെൽബണിൽ നടന്ന മത്സരത്തിൽ നേടിയിട്ടുള്ളത്.
Discussion about this post