ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കലാണ് റിപ്പബ്ലിക് ദിനം. 76ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുകയാണ്.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ കോളനി സ്ഥാപിച്ച കാലത്താണ് ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുന്നതിനുള്ള യാത്ര ആരംഭിച്ചത്. 1947 ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടി. എങ്കിലും തുടക്കകാലത്ത് ബ്രിട്ടീഷുകാരുടെ നിയമനിർമാണത്തിന് കീഴിലാണ് രാജ്യം പോയി കൊണ്ടിരുന്നത്. എങ്ങനെയൊക്കെയായലും രാജ്യത്തിന്റെ സ്വന്തം ചട്ടക്കൂട് ആവശ്യമായിരുന്നു. തുടർന്നാണ് ഭരണഘടന സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ രാജ്യം നടത്തിയത്.
വലിയതോതിലുള്ള ചർച്ചകൾക്കു മറ്റും ശേഷം ഭരണഘടനാ അസംബ്ലി 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു. എങ്കിലും അത് നടപ്പിലാക്കിയത് 1950 ജനുവരി 26ന് ആയിരുന്നു. അന്നാണ് രാജ്യം ഔദ്യോഗികമായി സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയത്. അന്ന് മുതൽ എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആചരിച്ചുവരുന്നു.
1950 ൽ ഇന്ത്യൻ ഭരണഘടന സ്ഥാപിതമായത് മുതൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന നിലയിൽ എല്ലാ വർഷവും ഒരു വിദേശ നേതാവിനെ റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിക്കാറുണ്ട്. കഴിഞ്ഞ 10 വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന മുഖ്യ അതിഥികളെ നോക്കിയാലോ … ?
2015- റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയായിരുന്നു മുഖ്യാതിഥി.
2016 – റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തിയത് ഇമ്മാനുവൽ മാക്രോണിന് മുൻപ് ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാങ്കോയിസ് ഹോളണ്ട് ആണ്.
2017- റിപ്പബ്ലിക് ദിനാഘോഷത്തിൽ യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെയാണ് ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിച്ചത്.
2018- റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യ ആസിയാൻ നേതാക്കളെയായിരുന്നു മുഖ്യാതിഥികളായി ക്ഷണിച്ചത്.
2019 – ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.
2020- റിപ്പബ്ലിക് ദിനാഘോഷത്തിൽ മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ മുഖ്യാതിഥിയായി പങ്കെടുത്തു.
2021 -2022 കോവിഡ്-19 പാൻഡെമിക് കാരണം, 2021ലും 2022ലും റിപ്പബ്ലിക് ദിന മുഖ്യാതിഥികളൊന്നും ഉണ്ടായിരുന്നില്ല .
2023-ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി മുഖ്യാതിഥിയായി.
2024- ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തു.
Discussion about this post