ന്യൂഡൽഹി : സായുധ സേനകൾക്കും കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾക്കുമുള്ള ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. 93 പേർക്കാണ് ഈ വർഷം ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ കീർത്തി ചക്ര രണ്ടുപേർക്കാണ് ലഭിച്ചിരിക്കുന്നത്. മൂന്നാമത്തെ ഉയർന്ന ബഹുമതിയായ ശൗര്യ ചക്രയ്ക്ക് 14 ജേതാക്കൾ ആണ് ഉള്ളത്.
ആർട്ടിലറിയിൽ നിന്നുള്ള നായിക് ദിൽവാർ ഖാൻ (28 രാഷ്ട്രീയ റൈഫിൾസ്) (മരണാനന്തരം), പഞ്ചാബ് റെജിമെൻ്റിൽ നിന്നുള്ള മേജർ മഞ്ജിത്ത് (22 രാഷ്ട്രീയ റൈഫിൾസ്) എന്നിവർക്കാണ് രണ്ട് കീർത്തി ചക്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിൽ നടന്ന ഭീകരവിരുദ്ധ ദൗത്യത്തിൽ വീരമൃത്യു വരിച്ച സൈനികരാണ് രണ്ടുപേരും.
15 വായുസേന മെഡലുകൾ, എട്ട് നാവികസേനാ മെഡലുകൾ, നാല് ബാർ ടു വിശിഷ്ട് സേവാ മെഡൽ, 132 വിശിഷ്ട സേവാ മെഡലുകൾ എന്നിവയ്ക്കും രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്.
30ൽ പരം വിശിഷ്ട സേവാ മെഡലുകൾ, അഞ്ച് ഉത്തം യുദ്ധ സേവാ മെഡലുകൾ, 57 അതിവിശിഷ്‌ട് സേവാ മെഡലുകൾ, 10 യുദ്ധ സേവാ മെഡലുകൾ, ഒരു ബാർ ടു സേന മെഡൽ, 43 സേനാ മെഡലുകൾ എന്നിവയുൾപ്പെടെ 305 സൈനിക പുരസ്കാരങ്ങളും സായുധ സേനാംഗങ്ങൾക്കായി രാഷ്ട്രപതി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം അഖ്‌നൂരിൽ ഭീകരവിരുദ്ധ ഓപ്പറേഷനിൽ കൊല്ലപ്പെട്ട ആർമി ഡോഗ് ഫാൻ്റമിന് പ്രത്യേക മരണാനന്തര പുരസ്കാരവും രാഷ്ട്രപതി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post