ന്യൂഡൽഹി : മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് പത്മവിഭൂഷൺ പുരസ്കാരം. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് മരണാനന്തര ബഹുമതി ആയി എംടിക്ക് പത്മവിഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചത്. എം ടി വാസുദേവൻ നായർ ഉൾപ്പെടെ ഏഴ് പേർക്ക് ആണ് പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളി കായികതാരം പി ആർ ശ്രീജേഷിനും ഐ എം വിജയനും സിനിമാതാരങ്ങളായ ശോഭനക്കും ബാലയ്യക്കും അജിത്തിനും പത്മഭൂഷൺ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപാര വ്യവസായ മേഖലയിൽ രാജ്യത്തിന് നൽകിയ സംഭാവനകൾക്ക് അന്തരിച്ച വ്യവസായി ഒസമു സുസുക്കിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പുരസ്കാരം നൽകും. വൈദ്യശാസ്ത്രത്തിന് ദുവ്വൂർ നാഗേശ്വർ റെഡ്ഡി, പൊതുകാര്യങ്ങളിൽ ജസ്റ്റിസ് (റിട്ട.) ജഗദീഷ് സിംഗ് ഖേഹർ, കുമുദിനി രജനികാന്ത് ലഖിയ, ലക്ഷ്മിനാരായണ സുബ്രഹ്മണ്യം, കല, സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ശാരദാ സിൻഹ (മരണാനന്തരം), എം.ടി.വാസുദേവൻ നായർ (മരണാനന്തരം), വ്യാപാരത്തിലും വ്യവസായത്തിലും ഒസമു സുസുക്കി (മരണാനന്തരം) എന്നിവർക്കാണ് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
19 പേർക്ക് പത്മഭൂഷൺ പുരസ്കാരവും രാഷ്ട്രപതി പ്രഖ്യാപിച്ചു. ജോസ് ചാക്കോ പെരിയപ്പുറത്തിന് വൈദ്യശാസ്ത്രത്തിൽ പത്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യം, വിദ്യാഭ്യാസം-പത്രപ്രവർത്തനം എന്നീ വിഷയങ്ങളിൽ എ സൂര്യ പ്രകാശ്, രാംബഹാദൂർ റായി, സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിബേക് ദെബ്രോയ് (മരണാനന്തരം), കലയിൽ അനന്ത് നാഗ്, ജതിൻ ഗോസ്വാമി, നടൻ നന്ദമുരി ബാലകൃഷ്ണ, പങ്കജ് ഉദാസ് (മരണാനന്തരം), തമിഴ് നടൻ എസ് അജിത് കുമാർ, ശേഖർ കപൂർ, ശോഭന ചന്ദ്രകുമാർ, പുരാവസ്തുശാസ്ത്രത്തിൽ കൈലാഷ് നാഥ് ദീക്ഷിത്, പൊതുകാര്യങ്ങളിൽ മനോഹർ ജോഷി (മരണാനന്തരം), നല്ലി കുപ്പുസ്വാമി ചെട്ടി, വ്യാപാര വ്യവസായത്തിൽ പങ്കജ് പട്ടേൽ, കായികരംഗത്ത് പിആർ ശ്രീജേഷ് എന്നിവർക്ക് പത്മഭൂഷൺ ലഭിച്ചു.
Discussion about this post