കൊല്ലം: എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫിലേക്ക് ചേക്കേറാന്‍ ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് 50 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണവും പ്രത്യുപകാരമായി കൈപറ്റിയെന്ന് ആരോപണം. പ്രേമചന്ദ്രന് വന്‍ തുക കൈപറ്റിയെന്ന ആരോപണം ആര്.എസ്.പി (എല്‍) സംസ്ഥാന കമ്മിറ്റി അംഗം എസ്. ബലദേവ് ആണ് ഉന്നയിച്ചത്.
ദുബായില്‍ ബിസിനസുള്ള കൊല്ലം സ്വദേശിയാണ് പ്രേമചന്ദ്രന് ഇത്രയും പണം നല്‍കിയത്. വ്യവസായിയുടെ അടുത്ത സുഹൃത്താണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ബലദേവ് പറഞ്ഞു. അടുത്തിടെ പ്രേമചന്ദ്രന് ഇംഗ്ലണ്ടില്‍ പോയത് എന്തിനാണെന്ന് അന്വേഷിക്കണം. ഏറ്റവും കൂടുതല്‍ വിദേശ യാത്ര നടത്തിയത് എന്‍.കെ പ്രേമചന്ദ്രനാണെന്നും ബലദേവന് ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ പിച്ചും പേയും പറയുന്ന സെക്രട്ടറിയായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി അസീസ് മാറിയെന്നും ബലദേവ് ആരോപിച്ചു. തന്റെ ബെംഗളുരു യാത്രകളെ അസീസ് മോശമായി ചിത്രീകരിച്ചു. ബെംഗളുരുവില്‍ ഒരുതവണ പോയത് മദനിയെ കാണാന്‍ ആയിരുന്നെന്നും ആര്‍എസ്പി നേതാക്കള്‍ തന്റെ കൂടെ ഉണ്ടായിരുന്നെന്നും ബലദേവ് പറയുന്നു.
ആര്.എസ്.പിയില്‍ നിന്ന് രാജിവച്ച കോവൂര്‍ കുഞ്ഞുമോന് രൂപീകരിച്ച പാര്‍ട്ടിയാണ് ആര്.എസ്.പി (എല്‍). പ്രേമചന്ദ്രന്റെ സ്വത്തുവിവരം അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ആര്‍എസ്പി(എല്‍) ആവശ്യപ്പെട്ടിരുന്നു. കോവൂര്‍ കുഞ്ഞുമോന്റെ സാന്നിധ്യത്തിലായിരുന്നു ബലദേവിന്റെ ആരോപണങ്ങള്‍.
Discussion about this post