ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ബില്ലിന് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകി. ബില്ലുമായി ബന്ധപ്പെട്ട റിപ്പോർട്ടിന് അന്തിമ രൂപം നൽകുന്നതിനായി ചേർന്ന യോഗത്തിലായിരുന്നു അംഗീകാരം. ബജറ്റ് അവതരണത്തോട് അനുബന്ധിച്ച് ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്നാണ് സൂചന.
സംയുക്ത പാർലമെന്ററി സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാലിന്റെ നേതൃത്വത്തിൽ ആയിരുന്നു യോഗം. എല്ലാ പ്രതിപക്ഷ അംഗങ്ങളും യോഗത്തിന് എത്തിയിരുന്നു. നിയമത്തിലെ ഓരോ ഭാഗങ്ങളും യോഗത്തിൽ വിശദമായി പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു.
ബിജെപിയാണ് ഭേദഗതി അവതരിപ്പിച്ചത്. ബിജെപി നിർദ്ദേശിച്ച ഭേദഗതികളിൽ 14 എണ്ണത്തിന് പിന്തുണ ലഭിച്ചു. നിയമത്തിൽ 44 ഭേദഗതികൾ പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിൽ ഇവയ്ക്ക് പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടുള്ള നിയമത്തിലെ വ്യവസ്ഥകളിലാണ് പ്രധാനമായും മാറ്റം ഉണ്ടാകുന്നത് എന്നാണ് വിവരം.
കഴിഞ്ഞ വർഷമാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജ്ജു വഖഫ് ഭേദഗതി ബില്ല് മുന്നോട്ടുവച്ചത്.
അതേസമയം ഭേദഗതികൾ വോട്ടിന് വച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥകൾ ജഗദാംബിക പാൽ അട്ടിമറിച്ചുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി ആരോപിച്ചു.
Discussion about this post